വീട് വീടാവണമെങ്കിൽ കുട്ടികൾ വേണമെന്നല്ലേ പറയാറുള്ളത്. ഇത്തിരി കുറുമ്പും വികൃതിയും ഒക്കെയുണ്ടെങ്കിലേ വീട് വീടാകൂ. എന്നാൽ ഒരു പരിധിക്കപ്പുറം കുട്ടികൾ പെരുമാറ്റ വൈകല്യങ്ങൾ കാണിക്കുമ്പോൾ ഗൗരവമായി തന്നെ എടുക്കണം. പെരുമാറ്റ വൈകല്യങ്ങൾ പല തരത്തിലുണ്ട്. കിടക്കയിൽ മൂത്രമൊഴിക്കുക, വിരൽ ഈമ്പുക, നഖം കടിക്കുക, വിക്ക് ഇതെല്ലാം ഹാബിറ്റ് ഡിസോർഡറുകളാണ്. നാണം, ദുശാഠ്യം, ദിവാസ്വപ്നം കണ്ടിരിക്കുക ഇതെല്ലാം വ്യക്തി വൈകല്യങ്ങളിലേക്കു നയിക്കുന്ന ശീലക്കേടുകളാണ്. നുണ പറയുക, മോഷ്ടിക്കുക, അച്ചടക്കമില്ലായ്മ, മടി ഇവയും വ്യക്തി വൈകല്യങ്ങളിൽ പെടുന്നു. ഇതിന് തടയിടാൻ കുട്ടികളുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവരുടെ സുഹൃത്തുക്കൾ ആരൊക്കെ, അധ്യാപകർ ആരാണ്, അവരുടെ ഒരു ദിവസം എങ്ങനെയായിരുന്നു ഇതെല്ലാം അറിയാൻ ശ്രമിക്കണം .കുട്ടികളുടെ മുന്നിൽ വച്ച് ഒരിക്കലും വഴക്കിടരുത്. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ തന്നെ കുട്ടികൾ അടുത്തില്ലാത്തപ്പോൾ പറഞ്ഞു തീർക്കണം.നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ കുട്ടിയെ മടി കൂടാതെ നല്ല ഡോക്ടറെ കാണിച്ച് ഉടൻ ചികിത്സ തുടങ്ങുന്നതാവും നല്ലത്.
കുട്ടികളിൽ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോർഡർ. താനും അത്തരമൊരു രോഗാവസ്ഥയിലൂടെ കടന്ന് പോയിരുന്നുവെന്ന് നടൻ ഫഹദ് ഫാസിൽ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അതിന്റെ ലക്ഷണങ്ങൾ തീരെ ശ്രദ്ധയില്ലായ്മ, ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ, അമിതമായ വികൃതി അല്ലെങ്കിൽ കുസൃതി, അമിതാവേശം എന്നിവയാണ്. ഈ ലക്ഷണങ്ങൾ രണ്ട് സാഹചര്യങ്ങളിൽ വീട്ടിലോ സ്‌കൂളിലോ തുടർച്ചയായി ആറുമാസത്തിലധികം കാണിക്കുമ്പോഴാണ് ഇതിനെ എഡിഎച്ച്ഡി എന്നു പറയപ്പെടുന്നത്. മിക്കപ്പോഴും ഒരു ഏഴ് വയസ്സിനുമുമ്പ് തന്നെ ഈ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ചിലപ്പോൾ രണ്ടു മൂന്ന് വയസ്സാകുമ്പോൾ തന്നെ ഇതിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കൂടുതലും ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉണ്ടാകാറുള്ളത്. മാതാപിതാക്കൾ പലപ്പോഴും ഈ അവസ്ഥ തെറ്റിദ്ധരിക്കുകയാണ് പതിവ്. കുട്ടിയുടെ പക്വതക്കുറവായും അനുസരണക്കുറവായുമൊക്കെയാണ് ഇതിനെ കാണാറ്. അങ്ങനെ വരുമ്പോൾ ചികിത്സയെടുക്കാൻ വൈകുന്നു. എപ്പോഴും കുഞ്ഞിനെ കൈകാര്യം ചെയ്യാൻ പ്രയാസമാകുന്ന സാഹചര്യം വരുമ്പോഴാണ് കുട്ടിയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നത്. എഡിഎച്ച്ഡി ബാധിച്ച 55 ശതമാനത്തോളം കുട്ടികളിലും കാലക്രമേണ അതിന്റെ ലക്ഷണങ്ങൾ കുറഞ്ഞുവരുന്നതായാണ് കാണാറുള്ളത്. എന്നാൽ നാൽപത്തഞ്ച് ശതമാനം കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കൗമാരത്തിലും യൗവനത്തിലും കാണുകയും അഡൾട്ട് എഡിഎച്ച്ഡി എന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. അഡൾട്ട് എഡിഎച്ച്ഡിയിൽ ഹൈപ്പർ ആക്ടിവിടി കുറയുകയും ശ്രദ്ധക്കുറവ് നീണ്ടുനിൽക്കുകയും ചെയ്യുന്നു. അങ്ങനെയാകുമ്പോൾ അവരുടെ തുടർ പഠനം, ദാമ്പത്യ ജീവിതം, ജോലി എന്നിവയിലൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സയെടുക്കേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ തലച്ചോറിലെ രാസപദാർത്ഥളുടെ അസന്തുലിതാവസ്ഥ കാരണമാണ് എഡിഎച്ച്ഡി ഉണ്ടാകുന്നത്. ശരീരചലനം, വികാരങ്ങൾ, ശ്രദ്ധ ഇവയെല്ലാം നിയന്ത്രിക്കുന്നത് ഈ രാസപദാർത്ഥങ്ങളാണ്. കുട്ടിയുടെ മാതാപിതാക്കൾക്ക് ആർക്കെങ്കിലും എഡിഎച്ച്ഡി ഉണ്ടെങ്കിൽ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 50 ശതമാനത്തോളമുണ്ട്. അതോടൊപ്പം കുട്ടിയുടെ സഹോദരനോ സഹോദരിയ്ക്കോ എഡിഎച്ച്ഡിയുണ്ടെങ്കിൽ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 33 ശതമാനമാണ്. ഗർഭിണിയായിരിക്കുമ്പോഴുള്ള പുകവലി, മദ്യപാനം, മാസം തികയാതെയുള്ള പ്രസവം ഇങ്ങനെയുള്ള കുട്ടികൾക്കും എഡിഎച്ച്ഡി വരാം.
എഡിഎച്ച്ഡിയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ആദ്യത്തേത് എഡിഎച്ച്ഡി പ്രിഡോമിനന്റ് ഇൻ അറ്റൻഷൻ ആണ്. ഇതിന്റെ പ്രധാന ലക്ഷണം ഒട്ടും ശ്രദ്ധയില്ലായ്മയാണ്. പഠനത്തിൽ ശ്രദ്ധക്കുറവ്, മറ്റുകുട്ടികളെ അപേക്ഷിച്ച് കുറേ സമയം ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക, ദൈനംദിന കാര്യങ്ങളിൽ എപ്പോഴും മറവിയുണ്ടാകുക, സ്ഥിരമായി പഠന സാമഗ്രികൾ സ്‌കൂളിൽ ഉപേക്ഷിക്കുക എന്നിവയെല്ലാം പ്രിഡോമിനന്റ് ഇൻ അറ്റൻഷന്റെ ലക്ഷണങ്ങളാണ്. രണ്ടാമതായി ഹൈപ്പർ ആക്ടിവിറ്റിയാണ്. ഇങ്ങനെയുള്ളവർക്ക് എപ്പോഴും ഓട്ടവും ചാട്ടവും ആയിരിക്കും. അത് സ്‌കൂളിൽ, വീട്ടിൽ, ഹോസ്പിറ്റൽ എവിടെ ആയാലും അടങ്ങിയിരിക്കാതെയുളള പ്രവണതയായിരിക്കും. ചില കുട്ടികൾ വീണ് പരിക്ക് പറ്റുന്നതും പതിവാണ്. എപ്പോഴും അവർ അധികം സംസാരിച്ചും ബഹളമുണ്ടാക്കിയും നടക്കും. മൂന്നാമതായി അമിതാവേശം കാണിക്കുന്ന അവസ്ഥയാണ്. ക്ഷമയില്ലായ്മയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങളിലൊന്ന്. പഠനസമയത്ത് അധികം ചിന്തിക്കാതെ പെട്ടെന്ന് എഴുതി തീർക്കാനുള്ള വ്യഗ്രത, സ്‌കൂളിൽ അധ്യാപകർ ചോദ്യം ചോദിക്കുമ്പോൾ പൂർത്തിയാകുന്നതിനുമുമ്പ് ഉത്തരം പറയുക, റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധയില്ലാതെ പോകുക പോലുള്ള അപകട സാധ്യതകളും വളരെ കൂടുതലാണ്.
മരുന്ന് ചികിത്സയും ബിഹേവിയറൽ തെറാപ്പിയുമാണ് പ്രധാനപ്പെട്ട ചികിത്സ. എഡിഎച്ച്ഡിയുടെ തീവ്രത അനുസരിച്ചാണ് മരുന്ന് നൽകുക. ചിലർക്ക് മരുന്ന് ദീർഘനാൾ കഴിക്കേണ്ടി വരും. ബിഹേവിയറൽ തെറാപ്പി വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്. കുട്ടികൾക്ക് കൊടുക്കാവുന്ന പലതരം കൗൺസലിംഗുകൾ ഉണ്ട്. ആദ്യം മാതാപിതാക്കൾക്കുള്ള പാരന്റ് മാനേജ്മെന്റ് ട്രയിനിംഗ്, കുട്ടികൾക്കായി സോഷ്യൽ സ്‌കിൽ ട്രെയിനിംഗ് എന്നിവയുമുണ്ട്. കുട്ടികളുടെ സാമൂഹികമായ കഴിവുകൾ, കമ്മ്യൂണിക്കേഷൻസ് സ്‌കിൽസ് ഇതെല്ലാം വളർത്താൻ സോഷ്യൽ സ്‌കിൽ ട്രെയിനിംഗ് വളരെയധികം സഹായിക്കും.
Discussion about this post