തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 53,560 രൂപയായി.
ഗ്രാമിന് 35 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണം ഗ്രാമിന് 6,695 രൂപയായി വിപണി വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില ഉയർന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 400 രൂപയുടെ കുറവ് ആയിരുന്നു സ്വർണവിലയിൽ ഉണ്ടായത്.
നേരത്തെ കുതിച്ചു പാഞ്ഞിരുന്ന സ്വർണ വിലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവതരണത്തിന് ശേഷം കടിഞ്ഞാൺ വീണിരുന്നു. ഇതോടെ 5000 രൂപയോളം ആയിരുന്നു പവന് കുറഞ്ഞത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്വർണവില കരുത്ത് ആർജ്ജിച്ചും. സ്വർണത്തിൽ നിക്ഷേപം വർദ്ധിച്ചതായിരുന്നു ഇതിന് കാരണം. എന്നാൽ ഇപ്പോഴത്തെ സ്വർണവിലയുടെ വർദ്ധനവിന് കാരണം അമേരിക്കയാണ്.
അമേരിക്ക അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ സൂചനയും നൽകിയിരുന്നു. ഇതാണ് സ്വർണവിലയെ സ്വാധീനിച്ചത്. പലിശ നിരക്ക് കുറയുന്നത് അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായ നികുതി കുറയുന്നതിന് കാരണം ആകും. ഇത് സ്വർണ നിക്ഷേപത്തിൽ താത്പര്യം വർദ്ധിപ്പിക്കും. നിക്ഷേപം കൂടുകയും ചെയ്യും. ഇതാണ് സ്വർണ വില ഉയരുന്നതിലേക്ക് നയിക്കുന്നത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യത.
Discussion about this post