തിരുവനന്തപുരം:സാലറി ചലഞ്ചിൽ പ്രതിപക്ഷ സംഘടനാ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, സമ്മതപത്രം നൽകാത്തവരുടെ ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ്.
സമ്മതപത്രം നൽകിയില്ലെങ്കിലും സമ്മതമായി കണക്കാക്കുമെന്ന ഐ.എം.ജി.ഡയറക്ടറുടെ നിർദ്ദേശവും നൽകാത്തവരുടെ പി.എഫ്.വായ്‌പ പ്രൊസീഡ് ചെയ്യില്ലെന്ന സ്പാർക്ക് നോട്ടിഫിക്കേഷനും കൂടി വന്നിരുന്നു. ഇത് ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായി.
നടപടികൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ സംഘടനാ നേതാക്കളായ സെറ്റോ ചെയർമാൻ ചവറ ജയകുമാറും ഫെറ്റോ പ്രസിഡന്റ് എസ്.കെ.ജയകുമാറും മുന്നറിയിപ്പ് നൽകി. പി.എഫ്.വായ്പാ തടസ്സം മാറ്റിയില്ലെങ്കിൽ സ്പാർക്ക് ഒാഫീസിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ.പി.യും പറഞ്ഞു. ഇത് കൂടാതെ പ്രക്ഷോഭത്തിറങ്ങുമെന്ന് സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവിയും ജനറൽ സെക്രട്ടറി അജയ് കുമാറും പറഞ്ഞു.
ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് സർക്കാരിന് ബോധ്യമായത്. തുടർന്ന് പി.എഫ്.വായ്പാതടസ്സം ഒഴിവാക്കിയെന്നും സമ്മതപത്രമില്ലെങ്കിൽ ശമ്പളംപിടിക്കില്ലെന്നും ധനകകുപ്പിന് വാർത്താകുറിപ്പ് ഇറക്കേണ്ടി വരുകയായിരുന്നു.
Discussion about this post