ഡല്‍ഹി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 16 കരാറുകള്‍ ഒപ്പുവെയ്ക്കാന്‍ സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദര്‍ശനവേളയിലുണ്ടായ നിര്‍ദേശങ്ങളുടെ പൂര്‍ത്തീകരണമെന്ന നിലയിലായിരിക്കും ഈ കരാറുകള്‍ നിലവില്‍ വരിക. ബുധനാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലെത്തുന്നത്.
ആണവോര്‍ജം, ബഹിരാകാശ സഞ്ചാരം, ഭീകരവിരുദ്ധ പോരാട്ടം, റെയില്‍വേ, ഐ.ടി., എണ്ണ വ്യവസായം, സാമ്പത്തിക നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പുതിയ കരാറുകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന് മുഖ്യ പരിഗണന നല്‍കും. പുനരുല്‍പാദന ഊര്‍ജം, എണ്ണ, പ്രകൃതിവാതക മേഖലകളില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ക്ക് കരാറുകള്‍ വഴിതുറക്കും. ആണവോര്‍ജം സമാധാന ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ക്കും ധാരണയാകും.
തീവ്രവാദത്തെ അടിച്ചമര്‍ത്താനും ഐ.എസ്സിനെതിരെയുള്ള പോരാട്ടവും ശൈഖ് മുഹമ്മദ്-നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ മുഖ്യ വിഷയമാകുമെന്ന് ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് യു.എ.ഇ. വളരെ തന്ത്രപ്രധാനമായ ഒരു പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. 34 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇന്ത്യാ പ്രധാനമന്ത്രിയുടെ വരവ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന് വഴിതുറന്നു. ശൈഖ് മുഹമ്മദിന്റെ ഇന്ത്യാ പര്യടനത്തിലൂടെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അഹമ്മദ് അല്‍ ബന്ന പറഞ്ഞു.
Discussion about this post