ചെന്നൈ : സൂപ്പർസ്റ്റാർ രജനീകാന്തിനെതിരെ അധിക്ഷേപവുമായി മുതിർന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ദുരൈ മുരുകൻ. രജനീകാന്തിനെ പോലെ താടി വളർന്ന് പല്ലുകൊഴിഞ്ഞ പഴയ നടന്മാർ യുവാക്കൾക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നാണ് മന്ത്രി ആക്ഷേപമുന്നയിച്ചത്. തമിഴ്നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാക്കളെ കുറിച്ച് രജനികാന്ത് നടത്തിയ ഒരു പരാമർശമാണ് മന്ത്രി ദുരൈ മുരുകനെ ചൊടിപ്പിച്ചത്.
ആഗസ്റ്റ് 24ന് നടന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ വച്ചാണ് രജനികാന്ത് ഡിഎംകെയിലെ മുതിർന്ന നേതാക്കളെ കുറിച്ച് പരാമർശം നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പാർട്ടിയിലെ മുതിർന്ന നേതാക്കളെ കൈകാര്യം ചെയ്യുന്ന രീതി പ്രശംസനീയം ആണെന്നായിരുന്നു രജനികാന്ത് വ്യക്തമാക്കിയിരുന്നത്.
“ഒരു സ്കൂളിൽ പുതിയ വിദ്യാർത്ഥികളും പഴയ വിദ്യാർത്ഥികളും ഉണ്ടാകും. ഇവരിൽ പുതിയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്നമല്ല. എന്നാൽ പഴയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒട്ടും ചെറിയ കാര്യമല്ല. ഡിഎംകെയിലും ഇത്തരത്തിലുള്ള പഴയ വിദ്യാർത്ഥികൾ ഉണ്ട്. അവർ വെറും വിദ്യാർത്ഥികൾ മാത്രമല്ല റാങ്ക് ഹോൾഡർമാർ കൂടിയാണ്. അവരെയെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സ്റ്റാലിനെ ഞാൻ അഭിനന്ദിക്കുന്നു” എന്നായിരുന്നു രജനികാന്ത് പ്രസ്താവന നടത്തിയത്. ഇതിന് മന്ത്രി ദുരൈ മുരുകൻ മറുപടി നൽകിയ രീതിയാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്.
Discussion about this post