ന്യൂയോർക്ക്: അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് നിർണായക പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷകർ. അന്യഗ്രഹ ജീവികൾക്ക് നിലനിൽക്കുന്നതിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് തമോഗർത്തങ്ങളിൽ നിന്നാകാമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനായി ഇവർ തമോഗർത്തങ്ങൾക്ക് സമീപം കുടിയേറി പാർത്തേക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഹാർവാർഡ് സർവ്വകലാശാലയിലെ ജ്യോതി ശാസ്ത്രജ്ഞനായ അവി ലോയിബ് ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തി വിവരങ്ങൾ പങ്കുവച്ചത്. തമോഗർത്തങ്ങൾക്ക് സ്വന്തമായി ജ്വലിക്കാൻ കഴിവുണ്ടെന്നാണ് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്‌സിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പിച്ചുകൊണ്ടാണ് ലോയിബ് തന്റെ പഠനത്തിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. സൗരയൂഥത്തിന് പുറത്തുള്ള ജീവിതം സംബന്ധിച്ചുള്ള ശാസ്ത്രജ്ഞരുടെ പഠനത്തിന് ഈ വിവരങ്ങൾ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തമോഗർത്തങ്ങളിൽ നിന്നും പുറത്തുവരുന്ന ഫോട്ടോണുകളെ ആണ് അന്യഗ്രഹ ജീവികൾ ഊർജ്ജത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ടാകുക. അതും ചെറിയ തമോഗർത്തങ്ങളിൽ നിന്നാകാനാണ് സാദ്ധ്യത. 100,000 ടൺ ഭാരം വരുന്ന തമോഗർത്തങ്ങൾക്ക് വലിയ തരത്തിൽ വ്യത്യസ്ത ഊർജ്ജങ്ങൾ പുറന്തള്ളാൻ കഴിയും. ഇതിൽ നിന്നാകാം അന്യഗ്രഹ ജീവികൾ നിലനിൽക്കാനാവശ്യമായ ഊർജ്ജം ശേഖരിക്കുന്നത്. നിലനിൽപ്പിനായി അന്യഗ്രഹ ജീവികൾ കൂട്ടത്തോടെ സ്വന്തം ഗ്രഹത്തിൽ നിന്നും ഇവിടെ കുടിയേറിപ്പാർത്തേക്കാമെന്നും പഠനത്തിൽ പറയുന്നുണ്ട്.
Discussion about this post