തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ സർവ്വീസ് നിലച്ചിട്ട് ഒരു മാസം. അറ്റകുറ്റ പണികൾക്ക് വേണ്ടി കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടി പൊടിപിടിച്ച് കിടക്കുകയാണ്. കഴിഞ്ഞ മാസം ജൂലൈ 21 നാണ് ബസ് അവസാനമായി സർവ്വീസ് നടത്തിയത്.
ആദ്യ നാളുകൾ ഒഴിച്ചാൽ നാളിതുവരെ വലിയ നഷ്ടത്തിൽ ആയിരുന്നു ബസ് ഓടിക്കൊണ്ടിരുന്നത്. പത്തിൽ താഴെ യാത്രികർ മാത്രമായിരുന്നു ബസിൽ യാത്രികരായി ഉണ്ടായിരുന്നത്. ചില അവസരങ്ങളിൽ കാലിയടിച്ച് സർവ്വീസ് നടത്തേണ്ട അവസ്ഥയും വന്നിരുന്നു. ഇതിനിടെ ആയിരുന്നു കഴിഞ്ഞ മാസം ബസ് വർക്ക് ഷോപ്പിലേക്ക് മാറ്റിയത്.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അറ്റകുറ്റപ്പണിയ്ക്ക് വേണ്ടിയാണ് ബസ് മാറ്റിയത് എന്നായിരുന്നു കെഎസ്ആർടിസി നൽകിയിരുന്ന വിശദീകരണം. ശുചി മുറി മാറ്റി അവിടെ സീറ്റുകൾ ഘടിപ്പിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു പണിയും ബസിൽ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്താണ് ബസ് കട്ടപ്പുറത്ത് കിടക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഓണക്കാലത്ത് ബംഗളൂരുവിൽ നിന്നും നിരവധി പേരാണ് കേരളത്തിലേക്ക് വരാൻ ഒരുങ്ങുന്നത്. ബസുകളിലും ട്രെയിനുകളിലുമെല്ലാം ഇപ്പോൾ തന്നെ ടിക്കറ്റുകൾ കിട്ടാത്ത സാഹചര്യവും ഉണ്ട്.
Discussion about this post