തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ തുറന്നു പറഞ്ഞ സ്വന്തം മന്ത്രിസഭയിൽ അടക്കം ഉള്ള വേട്ടക്കാരെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യു ഡി എഫ് സെപ്റ്റംബര്‍ 2 തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി കണ്‍വീനര്‍ എം എം ഹസന്‍.
പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലും ജന പ്രതിനിധികള്‍ക്കിടയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വേട്ടക്കാരുണ്ട്. അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തി വച്ചതെന്ന് എം എം ഹസ്സൻ തുറന്നടിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സാംസ്‌കാരിക മന്ത്രി സ്വീകരിച്ചത്. വേട്ടക്കാരെ ന്യായീകരിച്ച സാംസ്‌കാരിക മന്ത്രി രാജി വെക്കണം. അല്ലെങ്കില്‍ നീതി പൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം സാധ്യമാകില്ല. സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് തിരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കുകയും വേണം. എം എം ഹസൻ ആവശ്യപ്പെട്ടു.
Discussion about this post