ഇടുക്കി : ഇടുക്കി ഏലപ്പാറയിൽ തമിഴ്നാട് സ്വദേശിയായ കുട്ടികളെ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയെടുത്തതായി പരാതി. വീട്ടിൽ മുതിർന്നവർ ആരും ഇല്ലാതിരുന്ന സമയത്ത് കയറിവന്ന ശേഷം മായാജാല പ്രകടനങ്ങൾ നടത്തി കുട്ടികളെ വശത്താക്കിയ ശേഷം ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അച്ഛനും അമ്മയ്ക്കും ആപത്ത് വരാൻ പോകുന്നുവെന്നും അത് മാറ്റുവാൻ ആയി സഹായിക്കാം എന്നും പറഞ്ഞ് ഇയാൾ കുട്ടികളിൽ നിന്നും സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു.
ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിലെ ഒരു വീട്ടിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വന്ന ഇയാൾ ചില മാജിക് പ്രകടനങ്ങൾ ഒക്കെ കാഴ്ചവെച്ച് കുട്ടികളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടർന്ന് കുട്ടികളുടെ വീട്ടിൽ അനർത്ഥം നടക്കാൻ പോകുന്നു എന്ന് ഇയാൾ പ്രവചിച്ചു. അച്ഛനും അമ്മയ്ക്കും ഉടൻ ആപത്ത് വരുന്നതായിരിക്കുമെന്നും പറഞ്ഞ് ഇയാൾ കുട്ടികളെ ഭയപ്പെടുത്തി. തുടർന്ന് ദോഷങ്ങൾ മാറാനായി പൂജ ചെയ്യാൻ 4000 രൂപ വേണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടു. കയ്യിൽ പണം ഇല്ലെന്ന് അറിയിച്ച കുട്ടികളോട് സ്വർണാഭരണങ്ങൾ നൽകിയാലും മതിയെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
മാതാപിതാക്കൾ വീട്ടിലെത്തിയ സമയത്ത് കുട്ടികൾ ഈ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അയൽവാസികളെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിൽ ഒരു തട്ടിപ്പുകാരൻ ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. തുടർന്ന് നാട്ടുകാർ ചേർന്ന് പ്രദേശത്താകെ നടത്തിയ തിരച്ചിലിൽ തമിഴ്നാട് സ്വദേശിയായ പ്രതിയെ പിടികൂടി. തേനി പെരിയകുളം സ്വദേശി ഭൂപതി എന്ന 27 വയസ്സുകാരനാണ് പിടിയിലായത്. ഇയാളെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post