മുംബൈ; അടിയന്തരാവസ്ഥ പ്രമേയമായി പുറത്തിറങ്ങുന്ന ‘ എമർജൻസി’യുടെ റിലീസിന് മുന്നോടിയായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരെ വധഭീഷണി. സിഖ് ഭീകരര സംഘടനകളാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. ട്രയിലർ പുറത്ത് വന്നതിന് പിന്നാലെയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കങ്കണ പോലീസ് സഹായം തേടി.
നടിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ആറ് പുരുഷൻമാർ ഒരു മുറിയിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ‘നിങ്ങൾ ഈ സിനിമ റിലീസ് ചെയ്താൽ, സർദാർമാർ നിങ്ങളെ ചെരിപ്പുകൊണ്ട് അടിക്കും, നിങ്ങളെ ഇതിനോടകം തല്ലിയിട്ടുണ്ട്, ഞാൻ അഭിമാനിയായ ഒരു ഇന്ത്യക്കാരനാണ്, നിങ്ങളെ എന്റെ രാജ്യത്ത് എവിടെയെങ്കിലും കണ്ടാൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഞങ്ങളുടെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം സഹോദരങ്ങൾക്കൊപ്പം ഞങ്ങളും നിങ്ങളെ ചെരിപ്പുകൾ നൽകി സ്വാഗതം ചെയ്യുമെന്ന് ഒരാൾ ഭീഷണിപ്പെടുത്തി.
ചരിത്രം മാറ്റാൻ കഴിയില്ല. സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും ആരായിരുന്നുവെന്ന് മറക്കരുത്. ഞങ്ങൾ നേരെ ചൂണ്ടുന്ന വിരൽ എങ്ങനെ ഒടിക്കണമെന്ന് അറിയാം. സിനിമയിൽ അദ്ദേഹത്തെ (ജർണയിൽ സിംഗ് ഭിന്ദ്രൻവാലെ) തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ആരുടെ സിനിമ ചെയ്യുന്നുവോ ആ വ്യക്തിക്ക് (ഇന്ദിരാഗാന്ധി) എന്താണ് സംഭവിച്ചതെന്ന് ഓർക്കുക” എന്നായിരുന്നു മറ്റൊരാളുടെ ഭീഷണി.
എമർജൻസി’ നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് തീവ്രവാദസംഘടന അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിൽ സിഖുകകൾാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്.
Discussion about this post