ദിസ്പുർ : സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ഇന്ത്യാ വിരുദ്ധ പോസ്റ്റിന് ലവ് ഇമോജി നൽകിയ ബംഗ്ലാദേശി വിദ്യാർത്ഥിനിയെ സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചു. അസം പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എൻഐടി വിദ്യാർത്ഥിനിയായ ബംഗ്ലാദേശി യുവതിക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അസമിലെ സിൽചാറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുന്ന ബംഗ്ലാദേശി വിദ്യാർത്ഥിനിയാണ് ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇന്ത്യ വിരുദ്ധ പോസ്റ്റിന് ലവ് ഇമോജി നൽകി പ്രതികരിച്ചത്. ഈ വിഷയത്തിൽ വിശദമായി അന്വേഷണം നടത്തിയ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ, ബംഗ്ലാദേശ് സർക്കാരുകളുടെ പ്രത്യേക ധാരണ പ്രകാരം 70 ബംഗ്ലാദേശി വിദ്യാർത്ഥികൾ ആയിരുന്നു എൻഐടി സിൽച്ചാറിൽ പഠിച്ചിരുന്നത്.
ബംഗ്ലാദേശി വിദ്യാർത്ഥിനിയെ ഏകപക്ഷീയമായി നാടുകടത്തിയതല്ല എന്നാണ് ഈ വിഷയത്തിൽ അസം പോലീസ് പ്രതികരിക്കുന്നത്. ബംഗ്ലാദേശ് അധികൃതരുമായി കൂടിയാലോചിച്ചാണ് വിദ്യാർത്ഥിനിയെ തിരിച്ചയച്ചതെന്ന് കച്ചാർ പോലീസ് സൂപ്രണ്ട് നുമാൽ മഹത്ത വ്യക്തമാക്കി. എൻഐടി സിൽചാറിലെ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ നാലാം സെമസ്റ്റർ വിദ്യാർഥിനിയായ മൈഷ മഹാജാബിനെ തിങ്കളാഴ്ച കരിംഗഞ്ച് ജില്ലയിലെ സുതാർകണ്ടിയിലുള്ള ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുകയായിരുന്നു.
Discussion about this post