എറണാകുളം : അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണെന്ന് ഷമ്മി തിലകൻ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം അമ്മ പ്രസിഡന്റ് ഒന്നും പ്രതികരിക്കാത്തതിന് പിന്നിലുള്ള കാരണമെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി.
അമ്മ സംഘടനയുടെ നേതൃത്വ പദവികൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോൾ എന്നും ഷമ്മി തിലകൻ വ്യക്തമാക്കി. സംഘടനയ്ക്കെതിരെ നേരത്തെ തന്നെ ശരിപക്ഷവാദം ഉന്നയിച്ച ആളാണ് താൻ. എന്നാൽ മോഹൻലാലിന്റെ അടക്കം മൗനത്തിൽ അന്ന് താൻ ബലിയാടായി. ഇപ്പോഴും അദ്ദേഹത്തിന് മൗനം ആണുള്ളത്. ഉത്തരം മുട്ടിയപ്പോൾ അദ്ദേഹം രാജിവെച്ചു ഒഴിയുകയാണ് ചെയ്തത് എന്നും ഷമ്മി തിലകൻ സൂചിപ്പിച്ചു.
അതേസമയം, അമ്മയ്ക്കും പെങ്ങന്മാർക്കും പ്രശ്നം ഉണ്ടായപ്പോൾ ഒളിച്ചോടിയ പ്രസിഡന്റ് ആയി മോഹൻലാൽ അറിയപ്പെടുമെന്ന് തിലകന്റെ മകൾ സോണിയ തിലകൻ അഭിപ്രായപ്പെട്ടു. സ്ത്രീകൾ എല്ലാം ഒന്നിച്ചപ്പോൾ സംഘടനയിൽ ഒരു ശുദ്ധികലശത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും ഒളിച്ചോടുന്ന നേതാക്കന്മാരെ സംഘടനയുടെ മുൻനിരയിൽ കൊണ്ടുവരാതെ നട്ടെല്ലും ആർജ്ജവവും സ്ത്രീപക്ഷവുമുള്ള ആളുകൾ വരണമെന്നും സോണിയ അഭിപ്രായപ്പെട്ടു.
Discussion about this post