എറണാകുളം : താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി വെച്ചതിനു പിന്നാലെ താരങ്ങൾ തമ്മിലടി. പരസ്പരം കുറ്റപ്പെടുത്തലുകളും പഴിചാരലുകളുമായി രണ്ട് ധ്രുവങ്ങളിൽ ആയിരിക്കുകയാണ് മലയാള താരങ്ങൾ. ഇതിനിടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ജഗദീഷിന്റെ നിലപാടാണെന്ന കുറ്റപ്പെടുത്തലുമായി നടൻ അനൂപ് ചന്ദ്രൻ രംഗത്തെത്തി.
മോഹൻലാലിന്റെ കരുണ കൊണ്ടാണ് അമ്മ എന്ന സംഘടന നിലനിൽക്കുന്നത്. അതിനാൽ നേതൃസ്ഥാനത്ത് തുടരേണ്ടത് അദ്ദേഹം തന്നെയാണെന്നും അനൂപ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. അമ്മയിലെ കൂട്ടരാജിയെ ഒരിക്കലും ന്യായീകരിക്കില്ല. ആരോപണ വിധേയരായവരെ മാത്രം മാറ്റി നിർത്തിയാൽ മതിയായിരുന്നു. 506 അംഗങ്ങൾ ചേർന്ന് തിരഞ്ഞെടുത്ത കമ്മിറ്റിയാണ് ഇന്ന് ഒന്നടങ്കം രാജിവെച്ചത്. ഈ തീരുമാനം ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല എന്നും അനൂപ് ചന്ദ്രൻ അറിയിച്ചു.
നടൻ ജഗദീഷിന്റെ നിലപാടുകളാണ് അമ്മയിലെ കൂട്ടരാജിക്ക് കാരണമായതെന്നും അനൂപ് ചന്ദ്രൻ കുറ്റപ്പെടുത്തി. അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ തലേന്ന് മോഹൻലാലിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കി നിർത്തിക്കൊണ്ട് ഞങ്ങളാണ് ഔദ്യോഗിക പാനൽ എന്ന് പ്രഖ്യാപിച്ചിരുന്നത് ജഗദീഷ് ആണ്. മോഹൻലാലിന്റെ പിന്തുണ തങ്ങൾക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലാലേട്ടൻ അതുകേട്ട് നിശബ്ദനായി നിന്നുകൊടുത്തു. അതിന്റെ പരിണിതഫലമാണ് ഇന്ന് കാണുന്നത് എന്നും അനൂപ് ചന്ദ്രൻ വെളിപ്പെടുത്തി.
Discussion about this post