ജോർദ്ദാൻ: പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജോർദാനി നടൻ ആകിഷ് നജം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആയിരുന്നു നടൻ ഖേദപ്രകടനം നടത്തിയത്. ആ തിരക്കഥ പൂർണമായും വായിച്ചിരുന്നില്ലെന്നും, സിനിമ പുറത്തിറങ്ങിയപ്പോൾ ആണ് യഥാർത്ഥ കഥ മനസിലായത് എന്നും അദ്ദേഹം പറഞ്ഞു.
സൗദി ജനതയോട് മാപ്പ് ചോദിക്കുന്നു. സൗദി അറേബ്യയെയും സൗദി ജനതയെയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ആയിരുന്നു താൻ ആഗ്രഹിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതിന് പിന്നാലെയാണ് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വ്യക്തമായത്. തിരക്കഥ പൂർണമായും വായിക്കാതെ ആയിരുന്നു താൻ സിനിമയിൽ അഭിനയിച്ചത്. എന്നാൽ സിനിമ കണ്ടപ്പോൾ മാത്രമാണ് സൗദിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് എന്ന് മനസിലായത് എന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ പണക്കാരനായ അറബിയുടെ വേഷമായിരുന്നു ആകിഫിന്.
കഴിഞ്ഞ ദിവസം സിനിമയിൽ വില്ലനായി അഭിനയിച്ച ഒമാൻ നടൻ താലിബ് അൽ ബലൂഷിയ്ക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആകിഫ് സമൂഹമാദ്ധ്യമത്തിലൂടെ രംഗത്ത് വന്നത്. ആട് ജീവിതം സിനിമയിലെ വില്ലനായ അറബിയുടെ വേഷത്തിൽ ആയിരുന്നു താലിബ് ബലൂഷി. അതേസമയം വിലക്ക് ഏർപ്പെടുത്തിയതായുള്ള വാർത്തകൾ അദ്ദേഹം അത് നിഷേധിച്ചിരുന്നു.
Discussion about this post