കൊൽക്കത്ത : ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ അംഗത്വം റദ്ദാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് സന്ദീപ് ഘോഷ്. കേസിൽ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഐഎംഎ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കാലയളവിൽ സന്ദീപ് ഘോഷ് അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ അനധികൃതമായി വിൽക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തതായാണ് ആരോപണമുയർന്നിട്ടുള്ളത്. ഇതുകൂടാതെ ബയോമെഡിക്കൽ മാലിന്യങ്ങൾ കടത്തൽ, പരീക്ഷയിൽ വിജയിക്കാൻ കൈക്കൂലിക്കായി വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുക എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ പരാതികളും ഇയാൾക്കെതിരായി ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കൊൽക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് കൂടിയായിരുന്നു സന്ദീപ് ഘോഷ്. ഐഎംഎ രൂപീകരിച്ച അച്ചടക്ക സമിതിയാണ് ഇയാളുടെ അംഗത്വം റദ്ദാക്കിയത്. ഐഎംഎ ദേശീയ പ്രസിഡൻ്റ് ഡോ.ആർ.വി.അശോകൻ രൂപീകരിച്ച സമിതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ വീട്ടുകാരെ അടക്കം സന്ദർശിച്ച് മുഴുവൻ കാര്യങ്ങളും അവലോകനം ചെയ്ത ശേഷമാണ് സന്ദീപ് ഘോഷിന്റെ ഐഎംഎ അംഗത്വം റദ്ദാക്കിയിരിക്കുന്നത്.
Discussion about this post