പനാജി : പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള ആദ്യ ഇന്ത്യൻ പൗരത്വം വിതരണം നടത്തി ഗോവ. പാകിസ്താനി ക്രിസ്ത്യൻ ആയ ജോസഫ് ഫ്രാൻസിസ് പെരേരയ്ക്കാണ് ഗോവയിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് പെരേരയ്ക്ക് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്.
സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന 78 കാരനാണ് ജോസഫ് ഫ്രാൻസിസ് എ പെരേര. വിഭജനത്തിന് മുമ്പ് ഗോവയിൽ നിന്ന് പാകിസ്താനിലേക്ക് പഠന, ജോലി ആവശ്യങ്ങൾക്കായി പോയിരുന്ന കുടുംബത്തിലെ അംഗമാണ് അദ്ദേഹം. പഠനശേഷം പാകിസ്താനിൽ തന്നെ ജോലിയിൽ പ്രവേശിച്ച ജോസഫ് ഫ്രാൻസിസ് പെരേര പിന്നീട് 37 വർഷത്തോളം ബഹ്റൈനിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. 2013 ൽ ആണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ജീവിതത്തിന്റെ ഭൂരിഭാഗം കാലവും വിദേശത്താണ് താമസിച്ചിരുന്നത് എങ്കിലും തന്റെ വേരുകളും മനസ്സും ഇന്ത്യയിൽ തന്നെയായിരുന്നു എന്നാണ് പെരേര വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഏറെ നന്ദിയും കടപ്പാടും ഉണ്ടെന്ന് ജോസഫ് ഫ്രാൻസിസ് പെരേര വ്യക്തമാക്കി. പൗരത്വ നിയമം ഭേദഗതി ബാധകമാക്കി ഒരു മാസത്തിനുള്ളിൽ തന്നെ തനിക്ക് സ്വന്തം രാജ്യത്തിന്റെ അംഗീകാരം ലഭിച്ചു. ബഹ്റൈനിലെ ജോലിയിൽ നിന്നും വിരമിച്ചശേഷം 2013 മുതൽ ഗോവയിൽ ആണ് താമസം. ഭാര്യയ്ക്ക് നേരത്തെ തന്നെ ഇന്ത്യൻ പൗരത്വം ഉള്ളതിനാൽ പെരേര മാത്രമാണ് പൗരത്വത്തിനായി അപേക്ഷ നൽകിയിരുന്നത്. വർഷങ്ങളായി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ശ്രമിച്ചു എങ്കിലും ആരും സഹായിച്ചില്ല. എന്നാൽ പ്രധാനമന്ത്രി മോദി സിഎഎ നടപ്പിലാക്കിയതോടെ അസാധ്യമെന്ന് കരുതിയ കാര്യം സാധിച്ചതായും ജോസഫ് പെരേര വ്യക്തമാക്കി.
Discussion about this post