എറണാകുളം : തൃശ്ശൂരിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി ഉണ്ടായ വാക്കേറ്റത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ നൽകുന്നതായി മുൻ സിപിഐഎം എംഎൽഎ കാരാട്ട് റസാഖ്. മാദ്ധ്യമ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടു.
സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് എന്ന് കുറിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കാരാട്ട് റസാഖ് പിന്തുണ അർപ്പിച്ചത്. എല്ലാത്തിന്റെയും അന്തിമ വിധികർത്താക്കൾ തങ്ങളാണ് എന്നാണ് മാദ്ധ്യമപ്രവർത്തകരുടെ നിലപാട്. ഇക്കാര്യം അംഗീകരിച്ച് നൽകാൻ ആവുന്നതല്ല എന്നും കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടു.
എന്നാൽ തൃശ്ശൂരിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഇന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി. പാർട്ടി നിലപാടുകൾക്ക് വ്യത്യസ്തമായാണ് കേന്ദ്രമന്ത്രിയുടെ നിലപാട് എന്ന വിമർശനങ്ങൾ ഉയരുന്നതിനോട് പ്രതികരിക്കാൻ കെ സുരേന്ദ്രൻ തയ്യാറായില്ല. തൃശ്ശൂരിൽ വച്ച് ഉണ്ടായ സംഭവവികാസങ്ങളെ തുടർന്ന് മാദ്ധ്യമപ്രവർത്തകർ വഴി തടയുകയും ഗൺമാനെ തടയുകയും ചെയ്തതായി കാണിച്ച് സുരേഷ് ഗോപി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post