കൊൽക്കത്ത: രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വ്യക്തമാക്കി നടി ശ്രീലേഖ മിത്ര. അത് കൊണ്ട് തന്നെ സമൂഹ മാദ്ധ്യമമായ ഫേസ് ബുക്ക് തല്ക്കാലം ഉപേക്ഷിക്കുന്നുവെന്നും നടി അറിയിച്ചു. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നുമാണ് അവർ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദറിന് ഇ മെയിൽ വഴിയാണ് ശ്രീലേഖ മിത്ര പരാതി നൽകിയത്. ഈ പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കുകയും ചെയ്തു.
ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ പരാതിയിൽ ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ വരാൻ ബുദ്ധിമുട്ടാണെങ്കിൽ കൊൽക്കത്തയിൽ മൊഴി രേഖപ്പെടുത്തുന്നതിനെ കുറിച്ചും പോലീസ് ആലോചിച്ചു വരികയാണ്.
Discussion about this post