ന്യൂഡൽഹി : രാജ്യത്ത് മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. 6456 കോടി രൂപ ചിലവിലാണ് ഈ പുതിയ പദ്ധതി പൂർത്തീകരിക്കുക. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാകും പുതിയ റെയിൽവേ ഇടനാഴി പദ്ധതി നടപ്പാക്കുക.
രണ്ട് പുതിയ ലൈനുകളും ഒരു മൾട്ടി ട്രാക്കിങ് പ്രൊജക്റ്റും ചേർന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. 300 കിലോമീറ്റർ ദൂരത്തിൽ 14 പുതിയ സ്റ്റേഷനുകൾ ഈ പദ്ധതിയിൽ ഉണ്ടാവുക. ഓരോ സംസ്ഥാനങ്ങളിലെയും 7 ജില്ലകൾക്കെങ്കിലും ഉപകാരപ്രദമാകുന്നതാണ് പുതിയ പദ്ധതി. തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഈ പദ്ധതി സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്.
കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ, സിമൻ്റ്, ചുണ്ണാമ്പുകല്ല്, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ ചരക്ക് നീക്കത്തിന് ആയിരിക്കും പുതിയ റെയിൽവേ ഇടനാഴികൾ പ്രാധാന്യം നൽകുന്നത്. ചരക്ക് കൈമാറ്റത്തിൻ്റെ കാര്യക്ഷമതയും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ പദ്ധതി 11 ലക്ഷത്തോളം ജനങ്ങൾക്ക് നേരിട്ട് ഉപകാരപ്രദമാകുന്നതാണ്.
Discussion about this post