ദിസ്പുർ : മുസ്ലിം വിവാഹ, വിവാഹമോചന നിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്ന സുപ്രധാന ബിൽ അസം നിയമസഭ പാസാക്കി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 1935ലെ ചട്ടങ്ങൾ റദ്ദാക്കുന്നതാണ് പുതിയ ബിൽ. ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കുക, കാസി സമ്പ്രദായത്തിൽ നിന്നും മുസ്ലിം യുവതികൾക്ക് രക്ഷ നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നിയമം അവതരിപ്പിക്കുന്നതെന്ന് അസം സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതിയ നിയമം അനുസരിച്ച് ഇനി മുസ്ലിം വിവാഹവും വിവാഹമോചനവും സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സുപ്രീംകോടതി വിധിപ്രകാരമാണ് എല്ലാ വിവാഹങ്ങളുടെയും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായത്തിലും പുതിയ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പുതിയ നിയമമനുസരിച്ച് പുരുഷന് 21 വയസ്സും സ്ത്രീയ്ക്ക് 18 വയസ്സുമാണ് വിവാഹത്തിനുള്ള പ്രായം. ഇപ്പോഴും ശൈശവ വിവാഹങ്ങൾ വ്യാപകമായി നടക്കുന്ന സംസ്ഥാനം എന്ന ദുഷ്പേര് മാറ്റിയെടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് തങ്ങളെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിരുന്നു. അസം സർക്കാരിലെ റവന്യൂ, ദുരന്തനിവാരണ മന്ത്രിയായ ജോഗൻ മോഹൻ ആണ് ഓഗസ്റ്റ് 22ന് മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം നിയമസഭയിൽ അവതരിപ്പിച്ചിരുന്നത്.
Discussion about this post