മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ എത്തിയ പി.വി അൻവർ എംഎൽഎയെ തടഞ്ഞ് പോലീസ്. എസ്പിയുടെ വസതിയിൽ നിന്നും മരങ്ങൾ മുറിച്ചെന്ന പരാതി അന്വേഷിക്കാൻ ആയിരുന്നു എംഎൽഎ സ്ഥലത്ത് എത്തിയത്. എന്നാൽ പോലീസ് പ്രവേശനം നൽകാതിരുന്നതോടെ എംഎൽഎ മടങ്ങി.
ഇന്നലെയായിരുന്നു സംഭവം. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു എസ്പിയുടെ വീട്ടിൽ എംഎൽഎ എത്തിയത്. എന്നാൽ ഗേറ്റിൽ എംഎൽഎയെ പാറാവുകാരൻ തടയുകയായിരുന്നു. എസ്പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും മുറിച്ച മരത്തിന്റെ കുറ്റി കാണാൻ എംഎൽഎയ്ക്ക് അവകാശം ഉണ്ടെന്നും അൻവർ പോലീസുകാരനോട് പറഞ്ഞു. നിന്ന് മുഷിഞ്ഞതോടെ എംഎൽഎ തിരികെ മടങ്ങുകയായിരുന്നു.
അടുത്തിടെ പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിൽ എസ്പിയെ അൻവർ അപമാനിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും തമ്മിൽ നല്ലബന്ധമല്ല. സംഭവത്തിൽ അപ്പോൾ തന്നെ എസ്പി പ്രതിഷേധം അറിയിക്കുകയും ഇതിന് പിന്നാലെ പോലീസ് അസോസിയേഷൻ എംഎൽഎയ്‌ക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് അൻവർ എസ്പി ഓഫീസിലേക്ക് എത്തിയത്.
Discussion about this post