തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിനിമാ ഷൂട്ടിംഗിനിടെ യുവനടൻ നടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന വിവാദത്തിന് പിന്നാല സെക്രട്ടേറിയറ്റിൽ ഷൂട്ടിംഗ് വിലക്കി സർക്കാർ. സെക്രട്ടേറിയറ്റിലെ ഇടനാവികളും പൂന്തോട്ടവുമൊന്നും ഇനി സിനിമ സീരിയൽ ചിത്രീകരണത്തിന് നൽകേണ്ടെന്നാണ് തീരുമാനം.
പോലീസ് ആക്ട് 83(2) പ്രകാരം പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സെക്രട്ടേറിയറ്റിലെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര വകുപ്പും പൊതുഭരണ ഹൗസ്‌കീപ്പിംഗ് വിഭാഗവും ചിത്രീകരണാനുമതി നൽകുന്നത് അവസാനിപ്പിച്ചു. നിർമ്മാതാക്കളുടെയും സംവിധായകരുടെയും താരങ്ങളുടെയും സ്വാധീനത്തിൽ ഈ വകുപ്പുകളുടെ ഉത്തരവുകൾ സംഘടിപ്പിച്ചായിരുന്നു സെക്രട്ടേറിയറ്റിലെ ചിത്രീകരണം.
മമ്മൂട്ടി ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന മുഖ്യമന്ത്രിയായ ‘വൺ’ ആണ് അവസാനം(2020ൽ) ചിത്രീകരിച്ചത്.സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലും കർശനവ്യവസ്ഥകളോടെയാവും ഷൂട്ടിംഗ് അനുമതി. 500മീറ്റർ പരിധിയിൽ ഡ്രോൺ പറത്താനും സുരക്ഷാ മേഖലകൾ ചിത്രീകരിക്കാനും വിലക്കുണ്ട്. പോലീസിനൊഴികെ തോക്കും ആയുധങ്ങളും അനുവദിക്കില്ല. വെടിക്കെട്ടിനും വിലക്കാണ്.ഒന്നരനൂറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ സുരക്ഷാപഴുതുകൾ കണ്ടെത്താൻ പോലീസ്, ആഭ്യന്തര-മരാമത്ത് വകുപ്പുകൾ, കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ് എന്നിവ ചേർന്ന് സെക്യൂരിറ്റി ഓഡിറ്റ് നടത്തുകയാണിപ്പോൾ. ഈ മാസം വനിതാവ്‌ലോഗർ അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് വളപ്പിൽ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു.
Discussion about this post