തിരുവനന്തപുരം; വ്യാജ പാസ്‌പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ അറസ്റ്റിൽ. സസ്പെൻഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം തുമ്പ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ആയ അൻസിൽ അസീസാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരൻ. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ നൽകിയ 13 പാസ്പോർട്ടുകളിൽ കൃത്രിമത്വം കാട്ടിയതിനാണ് കേസ്. വിഷയത്തിൽ അൻസിലിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ച പോലീസുകാരനാണ് അൻസിൽ.
മരിച്ചവരുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി പാസ്‌പോർട്ട് എടുത്തിരുന്ന സംഘം തലസ്ഥാനത്ത് പ്രവർത്തിച്ചത് തികച്ചും ആസൂത്രിതമായാണ്. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് എടുത്തിരുന്ന വീടിന്റെ അഡ്രസ് ഉപയോഗിച്ച് 12 പാസ്‌പോർട്ട് എങ്കിലും ഈ സംഘം എടുത്തിട്ടുള്ളതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വ്യാജരേഖകൾ ഉപയോഗിച്ച് തന്നെയാണ് തുമ്പയിൽ വീട് വാടകക്ക് എടുത്തത്. തുടർന്ന് പാസ്‌പോർട്ട് എടുക്കാനുള്ള പേരുകൾ ഉൾപ്പെടുത്തി ഈ അഡ്രസിൽ വ്യാജരേഖകൾ തയ്യാറാക്കി. ഇവയെല്ലാം ഉപയോഗിച്ച് പാസ്‌പോർട്ടിനായി അപേക്ഷ സമർപ്പിക്കും. തുടർന്ന് നടക്കുന്ന പോലീസ് വെരിഫിക്കേഷൻ എന്ന കടമ്പ കടത്തിവിടാനുള്ള ചുമതലയാണ് എസ്സിപിഒ അൻസിൽ തട്ടിപ്പുസംഘത്തിനായി ഏറ്റെടുത്ത് ചെയ്തുപോന്നത്.
Discussion about this post