തിരുവനന്തപുരം : മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ആൺസുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി പിതാവ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാർ രണ്ട് ലക്ഷം രൂപയ്ക്കാണ് മകളുടെ ആൺസുഹൃത്തിനെ കൊല്ലാനായി ക്വട്ടേഷൻ നൽകിയിരുന്നത്. ക്വട്ടേഷൻ സംഘം രണ്ടുതവണ ആക്രമിച്ചെങ്കിലും യുവാവ് രക്ഷപ്പെട്ടതോടെ ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ അടക്കം പോലീസ് പിടിയിലായി.
നെടുമങ്ങാട് സ്വദേശിയായ സന്തോഷിന്റെ മകൾ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ആത്മഹത്യ ചെയ്തിരുന്നത്. സുഹൃത്തായ അനുജിത്ത് ആണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായത്. മകളുടെ മരണത്തെ തുടർന്നുള്ള വിഷമമാണ് പിതാവ് സന്തോഷിനെ ഇത്തരത്തിൽ ഒരു ക്വട്ടേഷൻ നൽകുന്നതിന് പ്രേരിപ്പിച്ചത്.
മരിച്ച പെൺകുട്ടിയുടെ ബന്ധുവായ ജിജു വഴിയാണ് ക്വട്ടേഷൻ സംഘത്തെ കണ്ടെത്തി പണം നൽകിയിരുന്നത്. ക്വട്ടേഷൻ സംഘം അനുജിത്തിനെ കൊലപ്പെടുത്താൻ ആയി രണ്ടുതവണ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു. അസ്വാഭാവികമായ രീതിയിൽ രണ്ടു തവണ ആക്രമണം ഉണ്ടായതോടെ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘത്തിലെ സൂരജ്, മനു എന്നിവർ മണ്ണന്തല പോലീസിന്റെ പിടിയിലായത്. തുടർന്നും നടത്തിയ ചോദ്യം ചെയ്യലാണ് പെൺകുട്ടിയുടെ അച്ഛൻ സന്തോഷിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
Discussion about this post