എറണാകുളം: താര സംഘടനയായ അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘം ആണ് പരിശോധന നടത്തിയത്. നിരവധി രേഖകള്‍ പിടിച്ചെടുത്തു.
ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെയാണ് പിടിച്ചെടുത്തത്.
ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി.
അമ്മ സംഘടനയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് പറഞ്ഞെന്നും നടി വെളിപ്പെടുത്തി. വഴങ്ങിത്തരണമെന്നും അദ്ദേഹം പറഞ്ഞു. കലണ്ടർ സിനിമയിൽ വച്ച് മുകേഷ് കടന്നു പിടിക്കുകയും ചെയ്തു. അന്ന് പരാതി ഉന്നയിച്ചിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും അവർ വ്യക്തമാക്കി.
ടാ തടിയാ സിനിമയുടെ സൈറ്റിൽ വച്ച് മണിയൻപിള്ള രാജു ഹോട്ടൽ മുറിയിൽ വരുമെന്ന് പറഞ്ഞു. പിറ്റേ ദിവസം സെറ്റിൽ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വെളിപ്പെടുത്തി. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തതിനാൽ സിനിമയിൽ നിന്നും മാറ്റി നിർത്തി.ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേയ്ക്ക് താമസം മാറേണ്ടി വന്നതെന്നും അവർ തുറന്നുപറഞ്ഞു.
അമ്മയുടെ മെമ്പർഷിപ്പിന് വേണ്ടി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ കലൂരിലെ ഫ്ളാറ്റിലേക്ക് വരാനാണ് പറഞ്ഞത് എന്നായിരുന്നു പരാതി. ഫോമിൽ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാൻ വേണ്ടി കുനിഞ്ഞപ്പോൾ അദ്ദേഹം കഴുത്തിൽ വന്ന് ഉമ്മ വെച്ചു. താൽപര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോൾ ഒന്ന് സഹകരിച്ചൂടേ, ഞാൻ കല്യാണം പോലും കഴിക്കാതെ നിൽക്കുകയല്ലേന്ന് പറഞ്ഞു. എന്റെ കൂടെ നിന്നാൽ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകൾക്ക് കൊണ്ട് പോകാം, ഒത്തിരി പണം ഉണ്ടാക്കാൻ സാധിക്കുമെന്നും ഒക്കെയാണ് ഇടവേള ബാബു പറഞ്ഞത്. എന്നാൽ ഞാനവിടെ നിന്നും ഓടി പോവുകയാണ് ചെയ്തതെന്ന് നടി പറയുന്നു
Leave a Comment