ലണ്ടൻ: ആയിരക്കണക്കിന് കോടിയുടെ ആസ്തിയുള്ള അതിസമ്പന്നരെ നമുക്ക് അറിയാം. എലോൺ മസ്‌ക് മുതൽ നമ്മുടെ മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെ ഈ പട്ടികയിൽ ഉൾപ്പെടും. എന്നാൽ ഇവരെ പോലെ അതി സമ്പന്നൻ ആയ ഒരു നായയും ഉണ്ട്. ഒന്നും രണ്ടുമല്ല മറിച്ച് മൂവായിരത്തി മുന്നൂറ് കോടി രൂപയുടെ സ്വത്ത് ഈ നായയ്ക്ക് ഉള്ളത്. ജെർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഗുന്തർ ആറാമൻ ആണ് കോടികളുടെ സ്വത്തുമായി ആഡംബര ജീവിതം നയിക്കുന്നത്.
ഇറ്റലിയിൽ ആണ് ഗുന്തർ ആറാമന്റെ താമസം. പല തലമുറകളായി കൈമാറിയാണ് ഈ സ്വത്തുക്കൾ ഇപ്പോൾ ഗുന്തറിന്റേത് ആയിരിക്കുന്നത്. ഇറ്റാലിയൻ പ്രഭുവിന്റെ പത്‌നിയാണ് ഇത്രയും വലിയ സ്വത്തുക്കൾ ഗുന്തർ ആറാമന്റെ പൂർവ്വികർക്ക് കൈമാറിയത്. ഈ കഥ ഇങ്ങനെ.
1992 ൽ ഒരു ഇറ്റാലിയൻ പ്രഭുവിന്റെ ഭാര്യയായ കാർലോട്ട ലീബെൻസ്റ്റീൻ ആണ് സ്വത്തുക്കൾ ഗുന്തർ ആറാമന്റെ പൂർവ്വികൻ ആയ ഗുന്തർ മൂന്നാമന് കൈമാറിയത്. തന്റെ മകന്റെ മരണത്തിന് പിന്നാലെ ആയിരുന്നു സ്വത്തുക്കൾ നായയുടെ പേരിൽ അവർ എഴുതി നൽകിയത്. മകന്റെ മരണത്തിന് പിന്നാലെ അവകാശികൾ ആരും ഇല്ലാതെ കിടന്ന 80 മില്യൺ ഡോളറിന്റെ ആസ്തി ആയിരുന്നു ഗുന്തർ മൂന്നാമന് അവർ നൽകിയത്. ഈ സ്വത്തുക്കൾ നോക്കി നടത്താനുള്ള അവകാശം പ്രഭു കുടുംബത്തിന്റെ സുഹൃത്തും സംരംഭകനുമായ മൗറീസിയോ മിയാനും നൽകി.
കാർലോട്ടയുടെ മരണത്തിന് ശേഷം ഗുന്തർ മൂന്നാമന്റെ പേരിൽ മിയാൻ ഔഒരു ട്രസ്റ്റ് രൂപീകരിച്ചു. ശേഷം ഈ സ്വത്തുക്കൾ 400 മില്യൺ ഡോളർ അഥവാ 3358 കോടി രൂപയായി വർദ്ധിപ്പിച്ചു. ഗുന്തർ മൂന്നാമൻ മരിച്ചതോടെ ഈ സ്വത്തുക്കൾ പിന്നീട് അടുത്ത തലമുറയുടേത് ആണ്. അങ്ങിനെ ഒടുവിൽ ഗുന്തർ ആറാമനും ഈ സ്വത്തുക്കളുടെ ഉടമയായി.
ലോകത്ത് ഒരു നായക്കും ലഭിക്കാത്തത്ര ആഢംബര ജീവിതം ആണ് ഗുന്തർ ആറാമൻ നയിക്കുന്നത്. പരിചരിക്കാൻ മാത്രം ഈ നായയ്ക്ക് 27 പരിചാരകർ ആണ് ഉള്ളത്. വിലകൂടിയ ഭക്ഷണങ്ങളാണ് ഗുന്തർ ആറാമൻ കഴിക്കാറ്. ഇതിനായി പ്രൈവറ്റ് ഷെഫ് വരെ ഈ നായക്ക് ഉണ്ട്. സഞ്ചരിക്കാൻ സ്വന്തമായി ഗുന്തർ ആറാമന് പ്രൈവറ്റ് ജെറ്റുണ്ട്. ഇതിന് പുറമേ ആഡംരബര വസതികളും ആഡംബര യാട്ടുമെല്ലാം ഗുന്തർ ആറാമന് സ്വന്തമായി ഉണ്ട്. ഇങ്ങനെ ഏതൊരാളുടെയും കണ്ണ് തള്ളുന്നത്ര സുഖ സൗകര്യങ്ങളിലാണ് ഈ നായ ജീവിക്കുന്നത്.
Discussion about this post