ന്യൂഡൽഹി: ഇന്ത്യയ്ക്ക് മാത്രമല്ല, ചൈന എല്ലാ രാജ്യങ്ങൾക്കും തലവേദനയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. ചൈനയിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനോ, ചൈനയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടുന്നതിനോ ഇന്ത്യ എതിരല്ല. പക്ഷെ അതിൽ ജാഗ്രത പുലർത്തേണ്ട പല കാര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിക്കണം. അതൊരു സാമാന്യബോധത്തിന്റെ ഭാഗമാണ്. രാഷ്ട്രീയപരമായും സാമ്പത്തികമായും ചൈന ഒരു പ്രത്യേക പ്രശ്‌നമാണ്. അത് ഇന്ത്യക്ക് മാത്രമല്ല. മറ്റ് രാജ്യങ്ങൾക്കും ചൈന ഒരു പ്രശ്‌നമാണ്. യൂറോപ്പിൽ ചെന്ന് അവരുടെ പ്രധാന സാമ്പത്തിക അല്ലെങ്കിൽ ദേശീയ സുരക്ഷയെക്കുറിച്ച് ഒരു സംവാദം സംഘടിപ്പിച്ച് നോക്കൂ. ചൈനയുടെ പേരാണ് അവർ പറയുക. അമേരിക്കയെ എടുത്താലും പല തരത്തിൽ ചൈന പ്രധാന വെല്ലുവിളിയാണ്. ഇതെല്ലാം മറ്റ് രാജ്യങ്ങൾക്കും ചൈന പ്രശ്‌നമാണ് എന്നാണ് വ്യക്തമാക്കുന്നത്.
പത്ത് വർഷങ്ങൾക്ക് മുൻപ് ചൈനയുമായുള്ള പ്രശ്‌നങ്ങൾ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് അതും പ്രധാന പ്രശ്‌നമായി. ഈ സാഹചര്യത്തിൽ ഒരു രാജ്യം സ്വീകരിക്കേണ്ട മുൻകരുതൽ മാത്രമേ ഇന്ത്യയും സ്വീകരിച്ചുള്ളു. അമേരിക്കയും യൂറോപ്പും ചൈനയുമായി അതിർത്തി പങ്കിടുന്നില്ല. എങ്കിലും ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾ സൂക്ഷ്മമായി പരിശോധിക്കും. അതും ഒരു സാമാന്യ ബോധത്തിന്റെ പുറത്താണ്.
ചൈനയുമായുള്ള ബന്ധത്തിന് പ്രത്യേക നയങ്ങൾ ആവശ്യമാണ്. അമേരിക്കയും ചൈനയും തമ്മിൽ മത്സരത്തിലാണ്. എന്നാൽ ഈ മത്സരം ചൈനയും ഇന്ത്യയും തമ്മിലുള്ളതിൽ നിന്നും വ്യത്യസ്തവുമാണെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
Discussion about this post