ഗാസ: ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആറ് നിരപരാധികളുടെ മൃതദേഹങ്ങൾ തെക്കൻ ഗാസയിലെ റഫ പ്രദേശത്തെ തുരങ്കത്തിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം ഞായറാഴ്ച വെളിപ്പെടുത്തി. കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്ബെർഗ്-പോളിൻ, അലക്സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രായേലിലേക്ക് കൊണ്ടുവന്നതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങളുടെ പ്രാഥമികമായ കണക്കു കൂട്ടലുകൾ അനുസരിച്ച് ഞങ്ങൾ എത്തുന്നതിന് അൽപ്പസമയം മുമ്പ് ഹമാസ് ഭീകരർ അവരെ ക്രൂരമായി കൊലപ്പെടുത്തി,” സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
തെക്കൻ ഗാസയിലെ ഭൂഗർഭ തുരങ്കത്തിൽ നിന്ന് 52 കാരനായ ഖായിദ് ഫർഹാൻ അൽകാദി എന്ന ഇസ്രായേലി ബന്ദിയെ സൈന്യം രക്ഷപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ബന്ദികളുടെ മൃതദേഹങ്ങൾ ലഭിക്കുന്നത്.
അതെ സമയം ബന്ദികളുടെ മൃതദേഹം ലഭിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. വാർത്ത അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി, സംഭവത്തിൽ അങ്ങേയറ്റം രോഷാകുലനാണ് ഞാൻ എന്നായിരുന്നു ബൈഡന്റെ പ്രതികരണം.
നേരത്തെ, ഗാസ യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ബന്ദികളെ മോചിപ്പിക്കുന്നതിനും മേഖലയിൽ വെടിനിർത്തലിനും വേണ്ടി ഹമാസുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബന്ദികൾ കൊല്ലപ്പെട്ട വാർത്ത അറിഞ്ഞതോടെ ഇനി അമേരിക്കയുടെ പ്രതികരണം എങ്ങനെ ആകുമെന്ന് കാത്തിരിക്കുകയാണ് ലോകം.
Discussion about this post