പാലക്കാട്: കേരളത്തിന് നട്ടെല്ലുള്ള ഒരു ആഭ്യന്തര മന്ത്രി ഇല്ലെന്നാണ് ഭരണകക്ഷി എം.എൽ.എ ആയ പി.വി.അൻവറിന്റെ വാർത്താസമ്മേളനം വ്യക്തമാക്കുന്നതെന്ന് തുറന്നടിച്ച് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പി വി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസും, ക്രമ സമാധാന ചുമതലയുള്ള എ ഡി ജി പി ക്കെതിരെയും ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ആണ് വി മുരളീധരന്റെ പരാമർശം.
കേരളത്തിന് നട്ടെല്ലുള്ള മുഖ്യമന്ത്രിയില്ല. കേരള പൊലീസ് അധോലോക സംഘമായി. പി.ശശിക്കെതിരെയടക്കം തുറന്നുപറഞ്ഞ പി.വി അൻവറിനെ സി.പി.എം ഭയപ്പെടുകയാണെന്നും വി.മുരളീധരൻ തുറന്നടിച്ചു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാർ കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നാണ് അൻവറിന്റെ പ്രധാന ആരോപണം. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുകയുമാണെന്നാണ് അൻവർ വെളിപ്പെടുത്തിയത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് നേരിട്ട് പിണറായി വിജയൻ തന്നെ ആയതിനാൽ, വലിയ ക്ഷീണം തന്നെയാണ് ഭരണപക്ഷ എം എൽ എ യുടെ ആരോപണങ്ങൾ ഇപ്പോൾ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയിട്ടുള്ളത്
അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ വിവാദമാകുമ്പോഴും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അൻവറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു
Discussion about this post