നമ്മുടെ കറികളിൽ പച്ചമുളകിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും പച്ചമുളക് നമ്മുടെ അടുക്കളയിൽ കാണും. എന്നാൽ മറ്റ് പച്ചക്കറികളെ പച്ചമുളക് ധാരാളം വേണ്ട. കറിയ്ക്ക് എരിവ് പകരാൻ ഒന്നോ രണ്ടോ പച്ചമുളക് തന്നെ ധാരാളം ആണ്. എന്നാൽ ഒന്നോ രണ്ടോ എണ്ണമായി കടയിൽ നിന്നും മുളക് വാങ്ങാനും കഴിയില്ല. ഇനി അധികമായി വാങ്ങിയാൽ തന്നെ ഇവ ഒരാഴ്ചയ്ക്കുള്ളിൽ കേടാകാറും ഉണ്ട്. അതുകൊണ്ട് തന്നെ പച്ചമുളക് കേടാകാതെ സൂക്ഷിക്കുക എന്നത് വീട്ടമ്മമാർ നേരിടുന്ന വെല്ലുവിളിയാണ്.
എന്നാൽ ഈ രീതിയിൽ മുളക് ഒന്നോ രണ്ടോ ആഴ്ചയല്ല, മറിച്ച് ഒരു മാസം വരെ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. എല്ലായ്‌പ്പോഴും പച്ചമുളക് ഞെട്ട് പൊട്ടിച്ച് സൂക്ഷിക്കുന്നത് ആകും നന്നാകുക. പച്ചമുളക് സൂക്ഷിക്കാൻ എല്ലായ്‌പ്പോഴും പ്രത്യേകം കണ്ടെയ്‌നറുകൾ കരുതണം.
ഒരു കണ്ടെയ്‌നർ എടുത്ത് ഈർപ്പം മുഴുവൻ തുടച്ച് കളയുക. ശേഷം ഇതിലേക്ക് ഒരു ടിഷ്യൂ പേപ്പർ വയ്ക്കാം. ശേഷം ഞെട്ട് കളഞ്ഞ പച്ചമുളക് ഇടുക. കണ്ടെയ്‌നർ നിറഞ്ഞാൽ അതിലേക്ക് വീണ്ടും ടിഷ്യൂ പേപ്പർ വച്ച് എയർടൈറ്റാക്കി കണ്ടെയ്‌നർ അടയ്ക്കാം. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു മാസം വരെ പച്ചമുളക് കേടാകാതെ ഇരിക്കും.
പച്ചമുളക് സൂക്ഷിക്കുന്ന പാത്രത്തിൽ രണ്ട് അല്ലി വെളുത്തുള്ള തൊലി കളഞ്ഞിടുക. ഇതും പച്ചമുളക് കേടാകാതെ ദീർഘനാൾ സൂക്ഷിക്കാൻ സഹായിക്കും. സിപ്പ് ലോക്ക് മെത്തേഡ് ഉപയോഗിച്ചും പച്ചമുളക് ഫ്രഷായി സൂക്ഷിക്കാം.
സിപ്പ് ലോക്ക് ബാഗുകളിൽ നന്നായി കഴുകി തുടച്ച പച്ചമുളക് ഇടുക. ബാഗിനുള്ളിലെ വായു മുഴുവൻ പുറത്ത് കളഞ്ഞ ശേഷം ഇത് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇനി സിപ്പ് ലോക്ക് ബാഗ് നിങ്ങളുടെ കൈവശം ഇല്ലെങ്കിലും ആശങ്കപ്പെടേണ്ട. പ്ലേറ്റിലും നമുക്ക് പച്ചക്കറി സൂക്ഷിക്കാം. ഈർപ്പം ഇല്ലാത്ത പ്ലേറ്റിൽ പച്ചമുളക് എടുത്ത ശേഷം ഇത് പ്ലാസ്റ്റിക് റാപ്പർ കൊണ്ട് ടൈറ്റായി മൂടി സൂക്ഷിക്കാം.
Discussion about this post