ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് സിനിമാ മേഖലയിൽ തങ്ങൾക്കുണ്ടായ അനുഭവം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. ഇപ്പോഴിതാ ഒരു നടനിൽ നിന്നും തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവതി. നിത്യ മേനോൻ നായികയായി എത്തിയ അപൂർവരാഗം സിനിമയുടെ സെറ്റിൽ വച്ച് ക്യാമറയ്ക്ക് മുമ്പിൽ വച്ച് നടൻ ദുരുദ്ദേശകരമായ രീതിയിൽ സ്പർശിച്ചുവെന്ന് മാല പാർവതി വെളിപ്പെടുത്തി.
2010ലായിരുന്നു അപൂർവരാഗം എന്ന സിനിമ പുറത്തുവന്നത്. 2009ൽ ചിത്രത്തിന്റെ ഷൂട്ട് നടക്കുമ്പോഴായിരുന്നു മോശം അനുഭവം ഉണ്ടായത്. നായികയായ നിത്യ മേനോന്റെ അമ്മയുടെ റോൾ ആയിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടായത്. സിനിമയിൽ ഇല്ലാതിരുന്ന ഒരു സീനിന്റെ ഷൂട്ട് പിന്നീട് ചെയ്യുകയായിരുന്നു. നിത്യയുടെ കഥാപാത്രം ആദ്യമായി ഒരു ചുവന്ന സാരി ഉടുക്കുന്നതും അച്ഛൻ അതുകണ്ട് എക്‌സൈറ്റഡ് ആകുന്നതുമായിരുന്നു സീൻ. അച്ഛൻ കാണാതിരിക്കാൻ നിത്യ തന്റെ മറവിലേയ്ക്ക് മാറിനിൽക്കണം. അവളെ കണ്ടുപിടിക്കാൻ അച്ഛൻ നോക്കണം. വളരെ ക്യൂട്ട് ആയ സീൻ ആയിരുന്നു അതെന്നും മാല പാർവതി പറഞ്ഞു.
‘സീൻ ഷൂട്ട് ചെയ്യുന്നതിനിടെ അച്ഛനെ അവതരിപ്പിക്കുന്ന നടൻ എന്നെ മോശമായ രീതിയിൽ സ്പർശിച്ചു. എനിക്ക് വല്ലാതെ വേദനിച്ചു. ഞാൻ വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പ്രതികരിക്കാനും എനിക്ക് സാധിച്ചില്ല. കൈ മൂവ് ചെയ്യരുതെന്ന് സംവിധായകൻ ആ നടനോട് പറഞ്ഞു. ആ സീൻ വീണ്ടും റീ ടേക്ക് പോയി. എന്നാൽ, പിന്നീട് ആ സീൻ എനിക്ക് നല്ല രീതിയിൽ ചെയ്യാൻ സാധിച്ചില്ല. ഡയലോഗ് എല്ലാം ഞാൻ മറന്നുപോയിരുന്നു. 10 റീ ടേക്കോളം എടുത്താണ് ആ സീൻ എനിക്ക് പൂർത്തിയാക്കാൻ സാധിച്ചത്’- അവർ തുറന്നുപറഞ്ഞു.
പിറ്റേ ദിവസം സീൻ ചെയ്യുമ്പോൾ ഡയലോഗ് മറന്നുപോയത് അയാളായിരുന്നു. തന്റെ മുഖത്ത് പോലും നോ്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല. തന്റെ മുഖത്ത് അത്രയധികം ദേഷ്യം പ്രതിഫലിച്ചിരുന്നു. തന്റെ മുഖം ക്യാമറയിൽ കാണേണ്ടിയിരുന്നില്ല. അയാളുടെ മുഖം മാത്രമായിരുന്നു സീനിൽ. ആ സീനിനും പല റീ ടേക്കുകളും വേണ്ടി വന്നു. കൊഡാക്കിൽ നിന്നും കമ്മീഷൻ ഉണ്ടോ എന്നാണ് സംവിധായകൻ ചോദിച്ചത്. ദയവായി അയാളുടെ മുഖത്തേക്ക് നോക്കാതിരിക്കൂ.. ഈ ചിത്രം ഒന്ന് പൂർത്തിയാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞുവെന്നും മാല കൂട്ടിച്ചേർത്തു.
തനിക്ക് വല്ലാത്ത ട്രോമ ഉണ്ടാക്കിയ ചിത്രമാണ് അപൂർവരാഗം എന്ന് മാല പാർവതി പറയുന്നു. പിന്നീട് കുറച്ച് മാസത്തേക്ക് സിനിമ ചെയ്യാൻ തോന്നിയില്ല. പിന്നീട്, ഒരു സുഹുത്തിന്റെ ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയതെന്നും മാല പാർവതി വ്യക്തമാക്കി.
നിഷാൻ, ആസിഫ് അലി, നിത്യ മോനോൻ, വിനയ് ഫോർട്ട്, ജഗതി ശ്രീകുമാർ എന്നിവർ ചേർന്ന് അഭിനയിച്ച ചിത്രമാണ് അപൂർവരാഗം. തമിഴ് നടൻ എൽ രാജയായിരുന്നു ചിത്രത്തിൽ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.
Discussion about this post