പാർട്ടി പ്രവർത്തകരുടെ ധൈര്യത്തിന് ലഭിക്കുന്ന ഫലം മാത്രമാണ് തിരഞ്ഞെടുപ്പ് വിജയങ്ങൾ ; ‘സംഘടൻ പർവ്വ, സദസ്യത അഭിയാൻ 2024’ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് മോദി
ന്യൂഡൽഹി : ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബിജെപിയുടെ ദേശീയ അംഗത്വ ക്യാമ്പയിൻ ആയ ‘സംഘടൻ പർവ്വ, സദസ്യത അഭിയാൻ 2024’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രിയും നിലവിലെ പാർട്ടി അധ്യക്ഷനുമായ ജെപി നദ്ദ എന്നിവരും മറ്റ് നിരവധി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഭാരതീയ ജനസംഘം മുതൽ ഇതുവരെ രാജ്യത്ത് ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരമാകാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ബിജെപി നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. നിരവധി തലമുറകൾ അവരുടെ ജീവിതം തന്നെ ഈ പാർട്ടിയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നും സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കവേ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പാർട്ടിയിലെ എന്റെ ആദ്യ നാളുകളിൽ ചുമരുകളിൽ താമര വരയ്ക്കുമായിരുന്നു. എന്നാൽ ഇന്ന് ജനങ്ങളുടെ ഹൃദയത്തിലാണ് താമര വിരിയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം അംഗത്വ യജ്ഞം കുടുംബത്തിൻ്റെ വിപുലീകരണമാണ്. തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പരമാവധി പങ്കാളിത്തം എന്നതാണ് ഇന്ന് ബിജെപി കൈക്കൊള്ളുന്ന ആശയം എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post