ഛണ്ഡീഗഡ്: ഹരിയാനയിൽ അധികാരം നേടാൻ ആംആദ്മിയെ കൂട്ടുപിടിയ്ക്കാൻ കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയുമായി സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആംആദ്മി- കോൺഗ്രസ് സഖ്യമാണ് മത്സരിച്ചിരുന്നത്.
തിങ്കളാഴ്ച കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സംസ്ഥാനത്ത് ചേർന്നിരുന്നു. ഇതിലാണ് ആംആദ്മിയുമായി സഖ്യം ചേരാനുള്ള താത്പര്യം രാഹുൽ പ്രകടമാക്കിയത്. നിലവിൽ സംസ്ഥാനത്ത് പാർട്ടിയ്ക്ക് വലിയ സ്വാധീനം ഇല്ല. ഈ സാഹചര്യത്തിൽ തോൽവി മുന്നിൽ കണ്ടുകൊണ്ടാണ് രാഹുലിന്റെ നീക്കം. അതേസമയം ഇതിനോട് കോൺഗ്രസ് പ്രവർത്തകർ എങ്ങിനെയാണ് പ്രതികരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ഉടൻ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഉദയ് ഭാനിനെ ഹോദൽ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ധാരണയായിട്ടുണ്ട്.
അടുത്തിടെ കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാവായ കുമാരി സെയ്ജ ആംദ്മിയുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ച് ചാനൽ അഭിമുഖത്തിൽ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലും ഇക്കാര്യം ആഗ്രഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ആകെ 90 നിയമസഭാ മണ്ഡലങ്ങൾ ആണ് ഹരിയാനയിൽ ഉള്ളത്. മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹരിയാനയിൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടാനാണ് സാദ്ധ്യത.
Discussion about this post