ബ്രൂണെ : തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിബ്രൂണൈ സുൽത്താൻ ഹസ്സനൽ ബോൾകിയയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബന്ദർ സെരി ബെഗാവാനിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഇമാനിൽ വച്ചാണ് ഇരുവരും ചർച്ചകൾ നടത്തുക.
കഴിഞ്ഞ 40 വർഷമായി ഇരു രാജ്യങ്ങളും നയതന്ത്രബന്ധം നിലനിർത്തുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രത്തലവൻ ബ്രൂണൈ സന്ദർശിക്കുന്നത്. ദ്വിരാഷ്ട്ര പര്യടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സിംഗപ്പൂരിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി സിംഗപ്പൂരിലേക്ക് പോകുക . സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി ചർച്ച നടത്തും. പ്രതിരോധം, വ്യാപാരം, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി ബന്ദർ സെരി ബെഗവാനിലെബ്രൂണൈയുടെ ഐതിഹാസികമായ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് സന്ദർശിച്ചിരുന്നു. ബ്രൂണെയിലെ 28-ാമത് സുൽത്താനും നിലവിലെ സുൽത്താന്റെ പിതാവുമായ ഒമർ അലി സൈഫുദ്ദീൻ മൂന്നാമനാണ് ഇത് നിർമ്മിച്ചത്. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാൻ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും പള്ളിയിൽ എത്തിയിരുന്നു. കൂടാതെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ ചാൻസറിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സിംഗപ്പൂരിൽ പ്രധാനമന്ത്രി ലോറൻസ് വോങ്ങിനെ കാണുകയും പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നത്തെ സന്ദർശിക്കുകയും ചെയ്യും. വ്യവസായ പ്രമുഖരുമായും അദ്ദേഹം ആശയവിനിമയം നടത്തും. കൂടാതെ ബുധനാഴ്ച രാത്രി ലോറൻസ് വോംഗ് സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ അദ്ദേഹം പങ്കെടുക്കും.
Discussion about this post