എറണാകുളം: ആയിരക്കണക്കിന് കുടുംബങ്ങളുടെ കുലദേവത കുടികൊള്ളുന്ന ക്ഷേത്രം അതാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം. എറണാകുളം ജില്ലയിലെ എളമക്കരയിലാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പണികഴിപ്പിച്ച 108 ദുർഗാലയങ്ങളിൽ ഒന്നാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം.
കാർത്യായനീ ദേവിയുടെ രൂപത്തിലാണ് ഇവിടെ ദേവിയെ ആരാധിക്കുന്നത്. എട്ട് വയസുള്ള കുട്ടിയുടെ ഭാവമാണ് ഇവിടെ അമ്മയ്ക്ക്. പെരണ്ടു വീണു എന്നൊരു പദപ്രയോഗമുണ്ടായിരുന്നു പണ്ട് കാലത്ത്. അതായത്, അപ്രതീക്ഷിതമായി താഴെ വീണു, പെട്ടെന്ന് താഴെ വീണു എന്നർത്ഥം. ദേവീ വിഗ്രഹം പെരണ്ട് വീണതുകൊണ്ടാണ് പേരണ്ടൂർ എന്നായത് എന്നാണ് ഐതിഹ്യം. ഇതിന് പിന്നിൽ ഒരു ചരിത്രവുമുണ്ട്.
തൃക്കുന്നപ്പുഴ ശാസ്താ ക്ഷേത്രത്തിൽ ഇടപ്പള്ളി വലിയ രാജാവ് ഉത്സവ നടത്തിപ്പിനായി എത്തിച്ചേർന്നു. രാത്രി ഉറങ്ങാൻ കിടന്ന രാജാവിന് ദേവിയുടെ സ്വപ്ന ദർശനമുണ്ടായി. ഇടപ്പള്ളി കോവിലകത്തുള്ള ശ്രീഗണപതി കുടികൊള്ളുന്ന കരയിലേയ്ക്ക് വരുവാൻ ദേവി ആഗ്രഹിക്കുന്നു. അതിനാൽ, തൃക്കുന്നപ്പുഴയിൽ നിന്നും ദേവിയെ കൂട്ടിക്കൊണ്ടു പോരണമെന്നായിരുന്നു അരുളപ്പാട്.
ഉറക്കമുണർന്ന തമ്പുരാൻ സ്വപ്ന ദർശനത്തെ കുറിച്ച് ചിന്തിക്കുയും ഇതേപ്പറ്റി പ്രശ്നം വപ്പിച്ചു നോക്കുകയും ചെയ്തു. ഇടപ്പള്ളിയിൽ കുടികൊള്ളുവാൻ ദേവി ഇഷ്ടപ്പെടുന്നതായി പ്രശ്നത്തിൽ കണ്ടു. തന്റെ മടക്കയാത്രയിൽ ഭഗവതീ വിഗ്രഹവുമായി ഇന്നത്തെ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കടത്തു കടവിൽ വലിയ രാജാവ് വന്നിറങ്ങി. സ്വരൂപത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിഗ്രഹം രാജാവിന്റെ കയ്യിൽ നിന്നും പെരണ്ട് താഴെ വീണു. ദുഃഖിതനായ തമ്പുരാൻ വീണ്ടും പ്രശ്നം വപ്പിച്ചു നോക്കി. വിഗ്രഹം വീണ സ്ഥലത്ത് കുടികൊള്ളവാനാണ് ഭഗവതി ആഗ്രഹിക്കുന്നതെന്ന് പ്രശ്നത്തിൽ തെളിഞ്ഞു.
ഇതോടെ, വിഗ്രഹം വീണ സ്ഥലത്ത് തന്നെ ക്ഷേത്രം പണികഴിപ്പിക്കുകയും ദേവീ വിഗ്രഹം പണി കഴിപ്പിക്കുകയുമായിരുന്നു. വിഗ്രഹം പെരണ്ടു വീണ സ്ഥലമായതിനാൽ പെരണ്ടുവീണ ഊർ എന്നർത്ഥം വരുന്ന പേരണ്ടൂർ ആയെന്നാണ് ഐതിഹ്യം. ഭാർഗവരാമനാൽ സ്ഥാപിതമായ ക്ഷേത്രപ്രദേശമായതിനാലാണ് ഇവിടെ ദേവി വിഗ്രഹം വീണതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ദേവിയുടെ ജന്മനാളായ തൃക്കാർത്തിക ദിവസമാണ് ഇവിടെ ഉത്സവമായി ആഘോഷിക്കുന്നത്. ഇതുകൂടാതെ, എല്ലാ മാസത്തിലെയും കാർത്തിക നാളിൽ ഇവിടെ കാർത്തികയൂട്ടും നടക്കുന്നു. ഇതിനോടൊപ്പം വൃശ്ചിക മാസത്തിൽ 41 ദിവസം നീണ്ടു നിൽക്കുന്ന ഏറെ വിശേഷപ്പെട്ട ബ്രാഹ്മണിപ്പാട്ട് എന്ന വഴിപാടും നടക്കുന്നു. ഇവിടുത്തെ മകം തൊഴലും ചോാറ്റാനിക്കരയിലേത് പോലെ തന്നെ ഏറെ പ്രാധാന്യമുള്ളതാണ്.
Discussion about this post