രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അത്തം പിറക്കും. പിന്നെ അങ്ങ് ഓണം വൈബ് ആയിരിക്കും എല്ലായിടത്തും. പൂക്കളം , ഓണ സദ്യ, ഓണക്കോടി , ഇങ്ങനെ നീളും ഒണത്തിന്റെ ലിസ്റ്റുകൾ. ….. എന്തൊക്കെ ആയാലും മലയാളികൾക്ക് ഓണം എന്നത് ഒരു വികാരം തന്നെയാണ്..
ഓണക്കാലത്ത് എല്ലാവരും പൂക്കളം ഒരുക്കാറുണ്ട്. വീട്ടിലോ സ്‌കൂളിലോ ഓഫീസിലോ അങ്ങനെ എവിടെയെങ്കിലും പൂക്കളം ഒരുക്കാറുണ്ട്. ഓാണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് സങ്കൽപ്പം. മാതേര് വെയ്ക്കുക എന്നാണ് ചിലർ ഇതിനെ പറയുന്നത്. വീടുകളിൽ പിരമിഡാകൃതിയിൽ മണ്ണുകുഴിച്ചുണ്ടാക്കി രൂപം പ്രതിഷ്ഠിക്കുന്നതിനെയാണ് മാതേര് വെയ്ക്കുക എന്ന് പറയുന്നത്.
ചിലയിടങ്ങളിൽ ഇവയെ തൃക്കാക്കരപ്പൻ ഓണത്തപ്പൻ എന്നാക്കെയാണ് പറയുന്നത്. ഈ തൃക്കാക്കരപ്പൻ ആരാണ് എന്ന് അറിയാമോ… ? പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ അങ്ങനെയല്ല വാമനനാമെന്നാണ് മറ്റൊരു പക്ഷം. മഹാവിഷ്ണുവിൻറെ അവതാരമായ വാമന മൂർത്തിയാണ് തൃക്കാക്കരയപ്പൻ എന്നാണ് ഭൂരിപക്ഷത്തിന്റെ നിഗമനം. തൃക്കാക്കരയിൽ ഉത്സവത്തിനു വരാത്തവർ വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരള ചക്രവർത്തിയായ പെരുമാൾ കൽപന പുറപ്പെടുവിച്ചെന്ന് പറയപ്പെടുന്നു. ഇങ്ങനെയാണ് തൃക്കാക്കപ്പനെ കൂടിവെയ്ക്കുന്ന ചടങ്ങുണ്ടായത് എന്നും കരുതപ്പെടുന്നു.
കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും. നിറം നൽകാൻ ഇഷ്ടികപ്പൊടി ചേർക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുൻപേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം വാഴയിലയിൽ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പൻമാരെ വെക്കുന്നു. നടുവിൽ വലുതും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതിൽ അരിമാവ് കൊണ്ട് അണിയിച്ച് കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കരിക്കും. ചെണ്ടുമല്ലി ഈർക്കിളിൽ കുത്തി വെക്കും.
തൃക്കാക്കരയപ്പന് നേദിക്കാൻ ശർക്കരയും പഴവും തേങ്ങയും വെച്ച് പ്രത്യേകതരം അടയുണ്ടാക്കുന്നു. ശർക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലർ നേദിക്കുക. ആൺകുട്ടികൾ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിർബന്ധം പിടിക്കാറുണ്ടെങ്കിലും പെൺകുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്.
Discussion about this post