കോപ്പൻഹേഗൻ : ഗാസയ്ക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിച്ച കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രെറ്റ തൻബെർഗ് അറസ്റ്റിൽ. ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തെ തുടർന്ന് ഡാനിഷ് പോലീസ് ആണ് ഗ്രെറ്റയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോപ്പൻഹേഗൻ സർവകലാശാലയിൽ ഗ്രെറ്റ തൻബെർഗ് അടക്കം 20 ഓളം പേർ ചേർന്നായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
‘സ്റ്റുഡൻ്റ്‌സ് എഗെയ്ൻസ്റ്റ് ദ ഒക്യുപ്പേഷൻ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു കോപ്പൻഹേഗൻ സർവകലാശാലയിൽ പ്രതിഷേധം നടന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരായിട്ടായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നത്. 21 വയസുകാരിയായ ആക്ടിവിസ്റ്റ് ഗ്രെറ്റയോടൊപ്പം മറ്റ് ആറു പേരെ കൂടി ഡാനിഷ് പോലീസ് സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു.
കോപ്പൻഹേഗൻ സർവകലാശാല ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരണം തുടരുന്നതിനാലാണ് സർവകലാശാലയ്ക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തുന്നത് എന്നാണ് ‘സ്റ്റുഡൻ്റ്‌സ് എഗെയ്ൻസ്റ്റ് ദ ഒക്യുപ്പേഷൻ’ സംഘടന വ്യക്തമാക്കിയത്. ഗ്രെറ്റ തൻബെർഗ് അടക്കമുള്ളവർ ചേർന്ന് സർവ്വകലാശാലയിലേക്കുള്ള പ്രവേശന കവാടം തടയുകയും പുറത്തുനിന്നുമുള്ള മൂന്നുപേർ അതിക്രമിച്ച് സർവ്വകലാശാലയ്ക്ക് ഉള്ളിൽ കയറുകയും ചെയ്തതിനാലാണ് ഡാനിഷ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങിയത്.
Discussion about this post