ലക്‌നൗ: നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ബെഹറിച്ചിലെ മഹസി താലൂക്കിനെ വന്യജീവി ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മനുഷ്യ- മൃഗ സംഘർഷമുള്ള മേഖലയെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി. ഫിഷറീസ് മന്ത്രി സഞ്ജയ് കുമാർ നിഷാദ് ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ നിരവധി ആളുകളെയാണ് നരഭോജി ചെന്നായ്ക്കൾ ആക്രമിച്ചിരിക്കുന്നത്. ഇവയെ പിടികൂടാൻ ഓപ്പറേഷൻ ഭേദിയ എന്ന പേരിൽ നടപടികൾ പുരോഗമിക്കുകയാണ്. വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ഉൾപ്പെടെ വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചത്.
പ്രദേശത്തെ വന്യജീവി ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിലൂടെ ഇരകൾക്ക് അതിവേഗം സഹായം ലഭ്യമാകുമെന്ന് സഞ്ജയ് കുമാർ നിഷാദ് പറഞ്ഞു. വന്യജീവി ദുരന്തബാധിത മേഖലകളിൽ നടപടികൾ സ്വീകരിക്കുന്നതിന് നിയമത്തിന്റെ സങ്കീർണമായ നൂലാമാലകൾ ഇല്ല. അത് മാത്രമല്ല മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികൾക്കെതിരെ അതിവേഗം നടപടി സ്വീകരിക്കുന്നതിനുളള സാദ്ധ്യതകളും ഈ നിയമത്തിൽ ഉണ്ട്. ഫണ്ട് ലഭ്യമാകുന്നതുൾപ്പെടെയുള്ള കാര്യങ്ങളും എളുപ്പമാകും.
മാർച്ച് മാസം മുതലാണ് ബെഹറിച്ചിൽ ചെന്നായയുടെ ആക്രമണം ആരംഭിച്ചത്. ജൂലൈ 17 ന് ശേഷം ഇത് വീണ്ടും വർദ്ധിച്ചു. എട്ട് പേരെയാണ് ഇതിനോടകം നരഭോജി ചെന്നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post