സിങ്കപ്പൂർ: ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അർദ്ധചാലകങ്ങൾ, ആരോഗ്യ സഹകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ സുപ്രധാന ധാരണാപത്രങ്ങളിൽ (എംഒയു) ഇന്ത്യയും സിംഗപ്പൂരും ബുധനാഴ്ച ഒപ്പുവച്ചു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അടുത്ത തലത്തിലേക്ക് കടക്കാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിങ്കപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും തമ്മിൽ നടന്ന ഉഭയകക്ഷി യോഗത്തെ തുടർന്നാണ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്.
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സിംഗപ്പൂരിലെ ഡിജിറ്റൽ വികസന, വിവര മന്ത്രാലയവും തമ്മിലാണ് ഡിജിറ്റൽ സാങ്കേതിക മേഖലയിലെ സഹകരണത്തിനായി ആദ്യ ധാരണാപത്രം ഒപ്പുവച്ചത്.
ഡിപിഐ, സൈബർ സെക്യൂരിറ്റി, 5ജി തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകളിലും സൂപ്പർ കമ്പ്യൂട്ടിംഗ്, ക്വാണ്ടം കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള അടുത്ത സഹകരണം ഈ കരാറുകൾ സുഗമമാക്കും. കൂടാതെ ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും, നൈപുണ്യ പുനർനിർമാണത്തിനും ഇരുരാജ്യങ്ങളും സഹകരിക്കും.
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നത്. സിംഗപ്പൂരുമായുള്ള സഹകരണം അതിന് തീർച്ചയായും, ഒരു മുതൽകൂട്ടായിരിക്കും.
Discussion about this post