തിരുവനന്തപുരം: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലെന്ന് ആരോപിയ്ക്കപ്പെടുന്ന പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് യാതൊരു ഭീകരബന്ധവുമുള്ളതായി കരുതുന്നില്ലെന്ന് ഇസ്രതിനോടൊപ്പം കൊല്ലപ്പെട്ട പ്രാണേഷ് കുമാര്‍ പള്ളയുടെ പിതാവ് എം.ആര്.ഗോപിനാഥന് പിള്ള.
ഇസ്രത്ത് ഭീകരവാദിയാണെന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനിലൊരാളായ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2004ല്‍ ഗുജറാത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും ഗോപിനാഥന് പിള്ള പറഞ്ഞു.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി വിധി പറയാനിരിയ്ക്കെ ഇത്തരമൊരു മൊഴി ദുരൂഹമാണ്. ഹെഡ്ലിയെക്കൊണ്ട് ആരെങ്കിലും പറയിപ്പിയ്ക്കുന്നതാകാം. 12 വര്‍ഷത്തിന് ശേഷം ഇത്തരമൊരു മൊഴി വരുന്നതിന്റെ പിന്നില്‍ സംശയകരമായ കാര്യങ്ങളുണ്ടെന്നും ഗോപിനാഥന് പിള്ള പറഞ്ഞു.
ഇസ്രത് ജഹാനെതിരായ ആരോപണം തള്ളി സഹോദരി മുസ്രത് ജഹാനും രംഗത്തെത്തി. ഇസ്രത്തിന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും പല ഉന്നതര്‍ക്കും പങ്കുണ്ടെന്നും മുസ്രത് ആരോപിച്ചു.
ഇസ്രത്തിന്റ കൊലപാതകം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് അന്വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇസ്രത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകയായ വൃന്ദ ഗ്രോവറും ഹെഡ്ലിയുടെ മൊഴി തള്ളി. ഹെഡ്ലിയുടെ മൊഴി തെളിവല്ലെന്ന് വൃന്ദ ഗ്രോവര്‍ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം നല്കിയ മൂന്ന് പേരുകളില്‍ ഒന്ന് തിരഞ്ഞെടുക്കുക മാത്രമാണ് ഹെഡ്ലി ചെയ്തതെന്ന് വൃന്ദ ഗ്രോവര്‍ പറഞ്ഞു.
Discussion about this post