കോംഗോ: കാട്ടിലെ രാജാവാണ് സിംഹം. അതുകൊണ്ട് തന്നെ മൃഗങ്ങൾക്കെല്ലാം സിംഹത്തെ വലിയ ഭയമാണെന്നാണ് നാം കേട്ടിരിക്കുന്നത്. സിംഹത്തെ കണ്ടാൽ മൃഗങ്ങൾ ഓടി രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്. കാരണം മുൻപിൽ പെട്ടാൽ തിന്നു കളയും. എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായ സംഭവം ആയിരുന്നു ആഫ്രിക്കയിൽ സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിപ്പപ്പൊട്ടാമസിന്റെ പക്കൽ നിന്നും ജീവനും കൊണ്ട് നീന്തുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആഫ്രിക്കയിലെ ഷെന്റോൺ സാഫാരിസ് കിനാഗോ ക്യാമ്പിൽ എത്തിയ വിനോദ സഞ്ചാരി ആയിരുന്നു ഇത് പകർത്തിയത്. കിനാഗോ ക്യാമ്പിലുള്ള ലുംഗവ നദിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
നദിയിൽ അകപ്പെട്ട സിംഹത്തെ ഹിപ്പപ്പൊട്ടാമസ് തുരത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഹിപ്പപ്പൊട്ടാമസിനെ ഭയന്ന് സിംഹം അതിവേഗം കരയിലെത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വളരെ വേഗത്തിൽ കരയിലേക്ക് നീന്തിയെത്തിയ സിംഹം അവിടെ നിന്നു വേഗത്തിൽ ഓടിപ്പോകുന്നു. ഏതാനും ദിവസം മുൻപായിരുന്നു ഈ സംഭവം എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പരിഹാസം ആണ് സിംഹത്തിന് നേരെ ഉയരുന്നത്. കാട്ടിലെ രാജാവ് കഷ്ടപ്പെട്ട് രക്ഷപ്പെട്ടുവെന്നാണ് ആളുകൾ പറയുന്നത്. സിംഹത്തെ ഹിപ്പപ്പൊട്ടാമസ് എന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ രാജാവില്ലാതെ കാട് അനാഥം ആയേനെ എന്നും പറയുന്നു. ഇങ്ങിനെ പേടിയുണ്ടെങ്കിൽ രാജാവായി തുടരണോ എന്ന ചോദ്യം ഉയർത്തുന്നവരും ഉണ്ട്.
Discussion about this post