ന്യൂഡൽഹി: സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമെന്ന് അറിയപ്പെടുന്ന വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി.തങ്ങൾക്കെതിരെ നൽകിയ അപകീർത്തികരമായ വിവരങ്ങൾ നീക്കണമെന്ന കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എഎൻഐ നൽകിയ ഹർജിയിലാണ് നടപടി.
വിക്കിപീഡിയയുടെ ധിക്കാരത്തെ അതിരൂക്ഷമായി വിമർശിച്ച കോടതി വിക്കിപീഡിയയുടെ പ്രവർത്തനം ഇന്ത്യയിൽ നിരോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി. രാജ്യത്ത് വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുന്നറിയിപ്പ് നൽകിയ കോടതി, ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്ന കടുത്ത പരാമർശങ്ങൾ നടത്തുകയും ചെയ്തു.
വിക്കിപീഡിയയുടെ പേജ് എഡിറ്റ് ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട ജുഡീഷ്യൽ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് എ.എൻ.ഐ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കോടതിയലക്ഷ്യ ഹർജി നൽകിയത്. നിലവിലുള്ള കേന്ദ്ര സർക്കാരിന്റെ ഉപകരണമായി പ്രവർത്തിച്ചതിനും വ്യാജ വാർത്ത നൽകിയതിനും വാർത്താ ഏജൻസിയായ എഎൻഐ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് വിക്കിപീഡിയയിൽ പരാമർശിച്ചത്. ഇതിനെതിരേയാണ് എഎൻഐ കേസ് നൽകിയത്. എഎൻഐയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന വിശദീകരണമാണ് വിക്കിപീഡിയ നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.
കേസിൽ ജൂലൈ ഒൻപതിന് ഹൈക്കോടതി വിക്കിപീഡിയയ്ക്ക് സമൻസ് അയച്ചിരുന്നു. വിക്കിമീഡിയ സാങ്കേതികമായ ഹോസ്റ്റ് മാത്രമാണെന്നും വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ തീരുമാനിക്കുന്നതോ കൂട്ടിച്ചേർക്കുന്നതോ തിരുത്തുന്നതോ ഒന്നും സ്ഥാപനമല്ലെന്നും വിശദീകരണ കുറിപ്പിൽ ഫൗണ്ടേഷൻ വ്യക്തമാക്കി.
Discussion about this post