ഒട്ടാവ : കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരെ വമ്പൻ കരുനീക്കവുമായി ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി ജഗ്മീത് സിംഗ് അറിയിച്ചു. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളെ നേരിടാൻ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗ്മീത് സിംഗ് പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് ജഗ്മീത് സിംഗ് അറിയിച്ചത്.
അടുത്തവർഷം കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടയിലാണ് ജഗ്മിത് സിംഗിന്റെ പാർട്ടി ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ അനുകൂലിയായ ജഗ്മീത് സിംഗിന്റെ നിർദ്ദേശപ്രകാരമായിരുന്നു ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. 2021ൽ കാനഡയിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി ഓഫ് കാനഡയ്ക്ക് പിന്തുണ നൽകിയിരുന്നത്. ഈ സഖ്യം നിലനിർത്തുന്നതിനായി ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് പല വഴിവിട്ട സഹായങ്ങളും ജസ്റ്റിൻ ട്രൂഡോ ചെയ്തു നൽകിയിരുന്നതായും ആരോപണമുയർന്നിരുന്നു.
ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് പിന്തുണ നൽകുന്ന കാനഡയിലെ പ്രമുഖ നേതാവാണ് ജഗ്മീത് സിംഗ്.
2017ൽ ടോം മൽകെയറിനെ മാറ്റിയാണ് അദ്ദേഹം എൻഡിപിയുടെ നേതൃത്വം ഏറ്റെടുത്തത്. കനേഡിയൻ ഫെഡറൽ രാഷ്ട്രീയ പാർട്ടിയെ നയിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ നേതാവാണ് ജഗ്മീത് സിംഗ്. ഫെഡറൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, 2011-2017 വരെ ഒൻ്റാറിയോയിലെ പ്രൊവിൻഷ്യൽ പാർലമെൻ്റ് അംഗം കൂടിയായിരുന്നു അദ്ദേഹം. നിലവിൽ 24 എംപിമാരാണ് കനേഡിയൻ പാർലമെന്റിൽ ജഗ്മീത് സിംഗിന്റെ പാർട്ടിക്കുള്ളത്.
Discussion about this post