അഹമ്മദാബാദ്: ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ഭാര്യ റിവാബ ജഡേജയാണ് വ്യാഴാഴ്ച പുറത്ത് വിട്ട ഒരു പോസ്റ്റിൽ ഈ കാര്യം അറിയിച്ചത്.
ഗുജറാത്തിലെ ജാംനഗർ നോർത്ത് അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായ റിവാബ ജഡേജ, തൻ്റെയും ഭർത്താവിൻ്റെയും അംഗത്വ കാർഡ് സമൂഹ മാദ്ധ്യമമായ എക്‌സിൽ ആണ് പങ്കിട്ടത്.
ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് 2024 ടൂർണമെൻ്റിൽ ഇന്ത്യ വിജയിച്ചതിന് തൊട്ടുപിന്നാലെ ജൂൺ 30 ന് രവീന്ദ്ര ജഡേജ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിന്നു.
1988 ഡിസംബർ 6 ന് സൗരാഷ്ട്രയിൽ ജനിച്ച രവീന്ദ്ര ജഡേജ ഇന്ത്യയെ പ്രതിനിധീകരിച്ച് 72 ടെസ്റ്റുകളിലും 197 ഏകദിനങ്ങളിലും യഥാക്രമം 294, 220 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇടംകൈയ്യൻ ബാറ്റർ എന്ന നിലയിൽ, 36 കാരനായ ഓൾറൗണ്ടർ രണ്ട് ഫോർമാറ്റിലും 6,000 റൺസ് നേടിയിട്ടുണ്ട്.
2013ൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടുന്നതിൽ നിർണായക പങ്കുവഹിച്ച ജഡേജ, 12 വിക്കറ്റുമായി പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു.
Discussion about this post