തിരുവനന്തപുരം : സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശികയിലെ രണ്ട് ഗഡു ഓണത്തിന് നൽകും. ഈ മാസം 11 മുതൽ ആയിരിക്കും ഈ കുടിശ്ശികയുടെ വിതരണം നടത്തുക. ഇതോടെ ഓണത്തിന് 3200 വീതം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണത്തിനായി 1700 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്. 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് 3200 രൂപ വീതം ലഭിക്കുക. വിതരണം മുടങ്ങിയിരുന്ന ക്ഷേമ പെൻഷൻ കുടിശ്ശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിക്ക് കാരണം ക്ഷേമപെൻഷൻ വിതരണം മുടങ്ങിയത് ആണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസങ്ങളിൽ ക്ഷേമപെൻഷൻ വിതരണം സർക്കാർ കൃത്യമായി നടത്തിവന്നിരുന്നു. ഇത് കൂടാതെയാണ് ഇപ്പോൾ മുടങ്ങിക്കിടക്കുന്ന കുടിശ്ശിക ഗഡുക്കളായി വിതരണം ചെയ്യാനും തീരുമാനിച്ചിരിക്കുന്നത്.
Discussion about this post