മുംബൈ : ഇന്ത്യയിൽ അർദ്ധചാലക പദ്ധതിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഇസ്രായേൽ. അദാനി ഗ്രൂപ്പുമായി ചേർന്നാണ് ഇസ്രായേൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ ചിപ്പ് നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഒരു അർദ്ധചാലക ഫാബ്രിക്കേഷൻ പ്ലാൻ്റ് നിർമ്മിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ എക്സ് അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് ഇസ്രായേൽ പങ്കാളിത്തത്തോടെ മുംബൈയിൽ അർദ്ധ ചാലക പദ്ധതി ഒരുങ്ങുന്നതായി അറിയിച്ചത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സംഘവും ഇസ്രായേലിൻ്റെ ടവർ സെമികണ്ടക്ടർ ലിമിറ്റഡും ചേർന്ന് 84000 കോടിയിലേറെ മുതൽമുടക്കിലാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള തലോജയിൽ ആയിരിക്കും ചിപ്പ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുക.
പുതുതായി ആരംഭിക്കുന്ന യൂണിറ്റിൽ ആദ്യ ഘട്ടത്തിൽ 40,000 വേഫറുകളും രണ്ടാം ഘട്ടത്തിൽ 80,000 വേഫറുകളും ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർണ്ണമായും നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഡ്രോണുകൾ, കാറുകൾ, സ്മാർട്ട്ഫോണുകൾ, മറ്റ് മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയിൽ ഉപയോഗിക്കാൻ കഴിയുന്ന ചിപ്പുകൾ ആയിരിക്കും സ്ഥാപനത്തിൽ നിർമ്മിക്കുന്നത്.
Discussion about this post