ശ്രീനഗർ: 2001ലെ പാർലമെൻ്റ് ആക്രമണത്തിൽ കുറ്റക്കാരനായ അഫ്‌സൽ ഗുരുവിൻ്റെ വധശിക്ഷ ഒരു ഗുണവും ഉണ്ടാക്കിയില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഞങ്ങൾക്ക് അധികാരം ഉണ്ടായിരുന്നുവെങ്കിൽ ജമ്മു-കശ്മീർ സർക്കാർ ഇതിന് അനുമതി നൽകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒമർ അബ്ദുള്ളയുടെ പാർട്ടിയും കോൺഗ്രസ്സും ഒരുമിച്ചാണ് ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നേരിടുന്നത്. ഇതോടെ ഒമർ അബ്ദുള്ളയുടെ തീവ്രവാദ അനുകൂല പ്രസ്താവനയോടെ കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്.
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് , എൻ സി വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള വിവാദ പരാമർശം നടത്തിയത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ ജമ്മു കശ്മീർ സർക്കാരിന് പങ്കില്ലെന്ന് പറഞ്ഞ അദ്ദേഹം അത് കൊണ്ട് ഒരു ഒരു ലക്ഷ്യവും നേടാൻ കഴിഞ്ഞില്ലെന്നും തുറന്നു പറഞ്ഞു.
അതെ സമയം നാഷണൽ കോൺഫെറെൻസുമായുള്ള സഖ്യത്തിൽ ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് പാർട്ടി അബ്ദുള്ളയുടെ പരാമർശത്തിൽ നിന്ന് അകന്നു നിന്നു. തിരഞ്ഞെടുപ്പ് കാലമാണ്. ആളുകൾ പ്രസ്താവനകൾ നൽകുന്നു. അതിനെക്കുറിച്ച് ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ”കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പ്രതികരിച്ചു.
എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ബി ജെ പി രംഗത്ത് വന്നു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതെന്ന് ഒമർ അബ്ദുള്ളയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി നേതാവ് സാജിദ് യൂസഫ് തുറന്നടിച്ചു.
അഫ്സൽ ഗുരുവിൻ്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, തീവ്രവാദിയെ ന്യായീകരിച്ചു കൊണ്ട് കോൺഗ്രസ് സഖ്യകക്ഷിയുടെ നേതാവ് മുന്നോട്ട് വന്നത്.
Discussion about this post