2022 ൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമയാണ് 21 ഗ്രാംസ്. നവാഗതസംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവും കൊലപാതകിയെത്തേടിയുള്ള യാത്രയുമാണ് ’21 ഗ്രാംസ്’ ചർച്ച ചെയ്യുന്നത്. ആത്മാവിന് ഭാരമുണ്ടോ? മനുഷ്യനുണ്ടായ കാലം മുതൽ ഉള്ള ചോദ്യമാണ് ആത്മാവ് ഉണ്ടോ ഇല്ലെയോ പുനർജന്മം ഉണ്ടോ ഇല്ലെയോ എന്ന സംശയം. ആത്മാവിന് ഭാരമുണ്ടോ എന്ന സംശയവും പലർക്കുമുണ്ടായിരുന്നു. ആത്മാവിന് ഭാരമുണ്ടെന്നും അത് ’21 ഗ്രാം’ ആണെന്നും താൻ പരീക്ഷണം നടത്തി തെളിയിച്ചു എന്ന ഒരു ഡോക്ടറുടെ അവകാശവാദം ചർച്ചാവിഷയമായതിനെത്തുടർന്ന് ഈ വിഷയം ആസ്പദമാക്കി സിനിമയും നോവലുകളും നിരവധി വന്നിരുന്നു. ഈ വിഷയത്തിലൂന്നിയതാണ് 21 ഗ്രാംസ് എന്ന സിനിമയും.
സത്യത്തിൽ ആത്മാവിന്റെ ഭാരം 21 ഗ്രാം എന്ന വാദം ശരിയാണോ? അത് കണ്ടെത്താനായി തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ചയാളാണ് ഡങ്കൻ മക്ഡൂഗൽ എന്ന ഡോക്ടർ. മനുഷ്യന് ആത്മാവുണ്ട് മറ്റുജീവികൾക്കില്ല എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. അമേരിക്കയിലെ മസാച്യൂസെറ്റ്‌സിലെ ഹാർവല്ലിൽ നിന്നുള്ള ഡോക്ടറായിരുന്നു അദ്ദേഹം. ഫിസിഷ്യനായ അദ്ദേഹം ആത്മാക്കൾക്ക് ഭാരം ഉണ്ടെന്ന് അനുമാനിക്കുകയും ആത്മാവ് ശരീരത്തിൽ നിന്ന് പോകുമ്പോൾ ഉള്ള ഭാഗം അളക്കാൻ ശ്രമിക്കുകയും ചെയ്തു.
മരിച്ചുകൊണ്ടിരിക്കുന്ന ആറ് രോഗികളെ പ്രത്യേകം സജ്ജീകരിച്ച കിടക്കകളിൽ കിടത്തി ഭാരം അളന്നു. മരണ സമയത്ത് അതിൽ ഒരു രോഗിയുടെ ഭാരം 21 ഗ്രാം കുറഞ്ഞു എന്ന് നിരീക്ഷിച്ചു. മറ്റൊരു രോഗിയുടെ ഭാരം ആദ്യം കുറഞ്ഞു എങ്കിലും പിന്നീട് അത് കൂടുകയുണ്ടായി.മറ്റ് രണ്ട് രോഗികളിൽ മരണ സമയത്ത് ഭാരം കുറഞ്ഞു. എന്നാൽ മരിച്ച് കുറച്ചു കഴിഞ്ഞ് പിന്നെയും കുറയുന്നതായി കണ്ടു. ഈ പരീക്ഷണഫലങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം അവകാശപ്പെട്ടത് മരിക്കുമ്പോൾ ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും 21 ഗ്രാം ഭാരം കുറയുന്നു എന്നാണ്. ഒരു രോഗിയിൽ മാത്രമാണല്ലൊ ഈ ഫലം വന്നത് എന്ന വിമർശനത്തിന് അദ്ദേഹം കൊടുത്ത മറുപടി, മറ്റ് രോഗികളുടെ കാര്യത്തിൽ ഭാരം അളക്കുന്ന ഉപകരണത്തിന്റെ പിഴവുകൾ കൊണ്ടാണ് തെറ്റായ ഫലം വന്നത് എന്നാണ്.ഇതിന് തുടർച്ചയായി അദ്ദേഹം നായ്ക്കളിൽ ഇതേ പരീക്ഷണം നടത്തി നോക്കി. മരിച്ചുകൊണ്ടിരുന്ന 15 നായളിൽ ഈ പരീക്ഷണം നടത്തിയപ്പോൾ ആരിലും ഭാരം കുറഞ്ഞില്ല എന്ന് കണ്ടെത്തി. അങ്ങനെ മനുഷ്യന് ആത്മാവുണ്ട് എന്നും മറ്റ് ജീവികൾക്ക് അതില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു
അമേരിക്കൻ മെഡിസിനിൽ ഈ പരീക്ഷണത്തെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് , ഫിസിഷ്യൻ അഗസ്റ്റസ് പി. ക്ലാർക്ക് പരീക്ഷണത്തിന്റെ സാധുതയെ വിമർശിച്ച് രംഗത്തെത്തി. മരണസമയത്ത്, ശ്വാസകോശം രക്തത്തെ തണുപ്പിക്കാത്തതിനാൽ ശരീര താപനിലയിൽ പെട്ടെന്ന് വർധനയുണ്ടാകുമെന്ന് ക്ലാർക്ക് അഭിപ്രായപ്പെട്ടു, ഇത് പിന്നീട് വിയർപ്പിന്റെ വർദ്ധനവിന് കാരണമാകുന്നു, ഇത് 21 ഗ്രാം കുറഞ്ഞു പോകുന്നതിന് കാരണമാകും. നായ്ക്കൾക്ക് വിയർപ്പ് ഗ്രന്ഥികൾ ഇല്ലാത്തതിനാൽ, മരണശേഷം ഈ രീതിയിൽ ശരീരഭാരം കുറയില്ലെന്നും ക്ലാർക്ക് ചൂണ്ടിക്കാട്ടി. വളരെ കുറവ് ആളുകളിൽ പരീക്ഷമം നടത്തി ഒരു നിഗമനത്തിലേക്ക് എത്തുന്നതും വിശ്വസനീയമല്ലെന്ന് പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടി.
എന്നാൽ പരക്കെ സംശയങ്ങൾ ഉയർന്നിട്ടും ആത്മാവിന്റെ ഭാരം 21 ഗ്രാം എന്ന സങ്കൽപ്പം കാലം കഴിയും തോറും ജനകീയമായി ആളുകൾക്ക് ആത്മാവിന് ഭാരമുണ്ടെന്ന് കരുതാനായിരുന്നു ആളുകൾക്ക് താത്പര്യം.
Discussion about this post