പാരിസ് : പാരീസിൽ അരങ്ങേറിയ 2024 പാരാലിമ്പിക്‌സിന് സമാപനം കുറിച്ചു. ഇന്ത്യ ചരിത്ര നേട്ടമാണ് കൊയ്തിരിക്കുന്നത്. ഇത്തവണ ഇന്ത്യ കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് കരസ്ഥമാക്കിയിരിക്കുന്നത്. സ്വർണം നേടുന്നതിലും പാരീസിൽ ഇന്ത്യൻ താരങ്ങൾ ചരിത്രം കുറിച്ചു.
ഏഴ് സ്വർണം, ഒമ്പത് വെള്ളി, 13 വെങ്കലം എന്നിങ്ങനെ 29 മെഡലാണ് ഇന്ത്യ സ്വന്തമാക്കിയിത്. ഇതിൽ 17 മെഡൽ അത്‌ലറ്റിക്‌സ് വിഭാഗത്തിലായിരുന്നു. പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അമ്പെയ്ത്തിലൂടെ ഇന്ത്യ മെഡൽ നേടുന്നത്. അമ്പെയ്ത്തിൽ പുരുഷ റിക്കർവ് ഓപ്പൺ വിഭാഗത്തിൽ ഹർവിന്ദർ സിംഗാണ് സ്വർണം സ്വന്തമാക്കിയത്. ശീതൾ ദേവി – രാകേഷ് കുമാർ എന്നിവരുടെ സഖ്യം മിക്‌സഡ് ടീം കോമ്പൗണ്ട് വിഭാഗത്തിൽ വെങ്കലവും കരസ്ഥമാക്കി.
29 മെഡലുകൾ കരസ്ഥമാക്കി മെഡൽ പട്ടികയിൽ 18 സ്ഥാനത്താണ് ഇന്ത്യ . സ്വിറ്റ്സർലൻഡ്, ബെൽജിയം, ദക്ഷിണ കൊറിയ, തുർക്കി, അർജന്റീന തുടങ്ങിയ മുൻനിര രാജ്യങ്ങളെ പിന്തള്ളി പാരീസ് പാരാ ഗെയിംസ് ലോകത്തിലെ മികച്ച 20 രാജ്യങ്ങളിൽ ഇടംപിടിച്ച് 2024-ലെ കാമ്പെയ്നിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ശനിയാഴ്ച, പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 41 ക്ലാസിഫിക്കേഷനിൽ സ്വർണം നേടിയ നവദീപ് സിംഗിലൂടെയാണ് ഇന്ത്യ പാരീസ് പാരാലിമ്പിക്സിലെ 29-ാമത്തെ മെഡൽ നേടിയത്. 47.32 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡ് ഉടമയായ ചൈനയുടെ സൺ പെങ്സിയാങ്ങിനെ മറികടന്നാണ് നവദീപ് വെള്ളി നേടിയത്. വനിതാ ഷൂട്ടിംഗിൽ അവനി ലേഖ്‌റ ബാഡിമിന്റൺ പുരുഷ സിംഗിൾസ് എസ് എൽ 3 ൽ നിതീഷ് കുമാർ പുരുഷ ജാവലിൻ ത്രോ ഫെ് 64 ൽ സുമിത് അന്റിൽ , ക്ലബ് ത്രോ എഫ് 51 ൽ ധരംബീർ സിംഗ് അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് എന്നിവരാണ് പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത്.
2024 പാരാലിമ്പിക്‌സ് സെപ്റ്റംബർ എട്ടിനു കൊടിയിറങ്ങുമ്പോൾ തലയുയർത്തിയാണ് ഇന്ത്യൻ താരങ്ങൾ ദേശീയ പതാകയ്ക്കു കീഴിൽ അണിനിരക്കുക. ഇന്ത്യൻ സമയം രാത്രി 11. 30 നാണ് 2024 പാരീസ് പാരാലിമ്പിക്‌സ് സമാപന സമ്മേളനം.
2020 ടോക്കിയോ പാരാലിമ്പിക്‌സിൽ അഞ്ചു സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയതായിരുന്നു ഒരു എഡിഷനിൽ ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ടോക്കിയോയിലെ മെഡൽ വേട്ടയേക്കാൾ മികച്ചതായിരുന്നു ഇന്ത്യയുടെ പാരീസ് പ്രകടനം. പുരുഷ – വനിതാ വിഭാഗങ്ങളിലായി 84 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരീസ് പാരാലിമ്പിക്‌സിൽ പങ്കെടുത്തത്.
Discussion about this post