ചെന്നൈ: നാല് വർഷം മുൻപുള്ള ഒരു ക്രിസ്തുമസ് രാത്രി. ലോക മെമ്പാടുമുള്ള ജനങ്ങൾ ആഘോഷത്തിമിർപ്പിൽ മതിമറന്ന ആ രാത്രി ഉഷാ റാണിയ്ക്ക് നഷ്ടമായത് സ്വന്തം ജീവന്റെ പാതിയെ ആയിരുന്നു. ആർമി എജ്യുക്കേഷൻ കോറിലെ അംഗമായിരുന്ന ക്യാപ്റ്റൻ ജഗ്താർ സിംഗ് തീവണ്ടി അപകടത്തിൽ മരിക്കുന്നത് അന്നാണ്. നാല് വർഷങ്ങൾക്കിപ്പുറം ഭർത്താവിന്റെ പാത തന്നെ സ്വീകരിച്ചിരിക്കുകയാണ് ഇരട്ട കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ഈ ധീര വനിത.
2017 ൽ ആയിരുന്നു ജഗ്താർ സിംഗിന്റെ കൈ പിടിച്ച് ഉഷ റാണി വൈവാഹിക ജീവിതത്തിലേക്ക് കടന്നത്. എന്നാൽ മൂന്ന് വർഷം മാത്രമായിരുന്നു ഈ സുവർണകാലം നീണ്ടു നിന്നത്. ഭർത്താവ് മരിക്കുമ്പോൾ ഉഷ റാണി ഗർഭിണിയായിരുന്നു. കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം ഇനിയെന്ത് എന്ന ചോദ്യം ഉഷാ റാണിയ്ക്ക് മുൻപിൽ ഉണ്ടായിരുന്നില്ല. എല്ലാം ഉഷ തീരുമാനിച്ചുറപ്പിച്ചിരുന്നു.
പ്രസവത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത ഉഷ ആദ്യം ബിരുദപഠനം പൂർത്തിയാക്കി. പിന്നീട് ആർമി പബ്ലിക് സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. ഇവിടെ വിദ്യാർത്ഥികളെ പഠിപ്പിക്കുമ്പോഴാണ് സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം ഉഷാ റാണിയിൽ ഉടലെടുത്തത്. ഈ ആഗ്രഹത്തിലേക്കുള്ള ആദ്യ പടി കയറാൻ ഉഷ തിരഞ്ഞെടുത്തത് ആകട്ടെ വിവാഹ വാർഷിക ദിനവും.
കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു ഉഷാ റാണി പരിശീലനം ആരംഭിച്ചത്. പരിശീലനത്തിനൊപ്പം കുഞ്ഞുങ്ങളുടെ കാര്യത്തിലും ഉഷ പ്രത്യേക ശ്രദ്ധ പുലർത്തി. വീട്ടുകാരുടെ പിന്തുണ ഉഷയ്ക്ക് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാക്കി. 11 മാസമായിരുന്നു പരിശീലന കാലയളവ്. ഇന്നലെയായിരുന്നു പാസിംഗ് ഔട്ട് പരേഡ്. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി ഉഷാ റാണി അടക്കം 250 പേരാണ് സൈന്യത്തിന്റെ ഭാഗമായത്.
Discussion about this post